തൃശൂർ: അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി നടപ്പിലാക്കാൻ അനുവദിക്കില്ലെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ്. വൈദ്യുത മന്ത്രി എം.എം. മണി പദ്ധതി ഉപേക്ഷിക്കുകയാണെന്നും സമവായമില്ലാതെ നടപ്പിലാക്കാൻ ശ്രമിക്കില്ലെന്നും കേരള നിയമസഭയിൽ കഴിഞ്ഞ വർഷം പറഞ്ഞതാണ്. എന്നിട്ടും വീണ്ടും പദ്ധതി ഉയർത്തിക്കൊണ്ടുവരുന്നതിന് പിന്നിൽ തത്പര കക്ഷികളുടെ ഇടപെടലാകാമെന്നും വത്സരാജ് അഭിപ്രായപ്പെട്ടു.

പരിസ്ഥിതിക്കും ആവാസ വ്യവസ്ഥയ്ക്കും ദോഷം ചെയ്യുന്ന പദ്ധതി നടപ്പിലാക്കാനുള്ള ആഗ്രഹം ഉപേക്ഷിക്കുന്നതാണ് നല്ലത്. പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം കേരളം നല്ലതു പോലെ മനസിലാക്കിയ രണ്ടു വർഷങ്ങളാണ് കടന്നുപോയത്. പ്രകൃതി നൽകുന്ന പാഠങ്ങൾ ഉൾക്കൊള്ളാൻ തയ്യാറാവണം. വൈദ്യുത ഉത്പാദനത്തിന് മറ്റു മാർഗങ്ങൾ തേടേണ്ടതുണ്ട്.

ലോകരാജ്യങ്ങളിൽ പലതും അണക്കെട്ടുകൾ ഉയർത്തിയുള്ള വൈദ്യുത ഉത്പാദനത്തിൽ നിന്ന് പിറകോട്ടു പോവുകയും മറ്റു വഴിയിലൂടെ ഊർജ്ജം ഉത്പാദിപ്പിക്കാൻ ശ്രമിക്കുമ്പോൾ കേരളത്തിൽ അണക്കെട്ടുക്കൾക്കായി വാശി പിടിക്കുന്നത് ദോഷകരമായി ബാധിക്കും. സർക്കാർ എൻ.ഒ.സി നൽകിയാലും ഈ പദ്ധതി നടപ്പിലാക്കാൻ സിപിഐ അനുവദിക്കില്ലെന്ന് ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ് പറഞ്ഞു.