വെള്ളാങ്ങല്ലുർ: നേർത്ത പെൻസിൽ മുനയിൽ പേരുകൾ കൊത്തിയെടുത്ത് ആൽവിൻ വിൻസെന്റ് നേടിയെടുത്തത് ഏഷ്യ ബുക്ക് ഒഫ് റെക്കാഡ്. സർജിക്കൽ ബ്ലേഡ് ഉപയോഗിച്ച് ടെൻ ബി തിക്‌നെസ് ഉള്ള പെൻസിൽ മുനയിൽ ഏഷ്യയിലെ 48 രാജ്യങ്ങളുടെയും പേരുകൾ എട്ടു മണിക്കൂർ കൊണ്ട് കൊത്തിയെടുത്താണ് ഏഷ്യ ബുക്ക് ഒഫ് റെക്കാഡും ഇന്ത്യ ബുക്ക് ഒഫ് റെക്കാഡും ആൽവിൻ സ്വന്തം പേരിലാക്കിയത്.
വെളളാങ്കല്ലൂർ നെല്ലിപ്പുള്ളി വീട്ടിൽ വിൻസെന്റ് - ബേബി ദമ്പതികളുടെ ഇളയ മകനാണ് ആൽവിൻ വിൻസെന്റ്. മൈക്രോ ആർട്ട് എന്ന കലയിലൂടെയാണ് ഈ ഉദ്യമം പൂർത്തിയാക്കിയത്. യു ടൂബിലൂടെ കണ്ടുപിടിച്ച ഈ കല രണ്ടു വർഷമായി ഒരു ഫാഷനായി കൊണ്ടു നടക്കുകയായിരുന്നു. ആദ്യം സുഹൃത്തുകളുടെയും വീട്ടുകാരുടേയും പേരുകളാണ് ചെയ്തിരുന്നത്.
മാതാപിതാക്കളുടേയും കൂട്ടുകാരുടെയും അഭിപ്രായ പ്രകാരം റെക്കോർഡിലേക്കുള്ള വഴി കണ്ടെത്തുകയായിരുന്നു. മർച്ചന്റ് നേവിയിൽ ജോലി ലഭിച്ചെങ്കിലും കൊവിഡ് കാരണം പോകാൻ സാധിച്ചില്ല. ഈ സമയം പ്രയോജനപ്പെടുത്തിയാണ് ആൽവിൻ റെക്കാഡിൽ മുത്തമിട്ടത്.