തൃശൂർ: കൊവിഡ് വ്യാപനം നിലനിൽക്കുമ്പോൾ അതീവ ജാഗ്രതയോടെ പ്രവർത്തിക്കുന്ന അഗ്‌നി രക്ഷാ സേനയ്ക്ക് ഇനി വിശ്രമമില്ലാത്ത നാളുകൾ. കഴിഞ്ഞ രണ്ട് കാലവർഷക്കെടുതിയെയും നേരിട്ട അഗ്‌നിരക്ഷാ സേന പ്രളയക്കെടുതിയുടെ സാദ്ധ്യതകളെ തള്ളിക്കളയാതെ അടിയന്തര ആസൂത്രണത്തോടെ മുന്നൊരുക്കം നടത്തുകയാണ്. ഇതിന്റെ ഭാഗമായി ഫയർ ഫോഴ്‌സ് സേന സിവിൽ ഡിഫൻസ് പ്രവർത്തകരുമായി ചേർന്ന് കഴിഞ്ഞ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ചു.
അപകടസാദ്ധ്യതകൾ ജില്ലാ ഭരണകൂടത്തെയും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും അറിയിക്കുന്ന നടപടികൾ സ്വീകരിച്ചുവരികയാണ്. ഇതോടൊപ്പം ദുരന്തനിവാരണ പ്രവർത്തനങ്ങൾ നടത്തുന്നതിനാവശ്യമായ ഡിങ്കികൾ, റബ്ബർ ബോട്ടുകൾ, ഇൻഫ്‌ളേറ്റബിൾ ടോർച്ച്, വെള്ളത്തിനടിയിൽ മുങ്ങിത്തിരയുന്നതിന് വേണ്ട സ്‌കൂബാ സെറ്റുകൾ, സെർച്ച് ലൈറ്റുകൾ എന്നിവയുടെ പ്രവർത്തനക്ഷമത സേന ഉറപ്പു വരുത്തുന്നു.
സ്വകാര്യ ഡിങ്കികളും, സ്വകാര്യ ബോട്ടുകളും, ജെ.സി.ബി, ലോറി, ഫൈബർ ബോട്ടുകൾ, ഫിഷറീസ് വകുപ്പുമായി ബന്ധപ്പെട്ടുള്ള ജലയാനങ്ങൾ എന്നിവ എവിടെയൊക്കെ ലഭ്യമാണെന്നതിന്റെ കണക്കെടുപ്പ് നടത്തുന്നു. ദുരന്തമേഖലകളിലേക്ക് എളുപ്പം എത്തിപ്പെടുന്നതിന് ബാരൽ കൊണ്ടുള്ള താത്കാലിക ചങ്ങാടങ്ങളുടെ നിർമ്മാണം ആരംഭിച്ചു. എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഫയർ കൺട്രോൾ റൂമുകൾ തുടങ്ങാനും എമർജൻസി പ്ലാൻ ഉണ്ടാക്കാനും തീരുമാനിച്ചു.