തൃശൂർ: ജില്ലയിൽ ഒമ്പത് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം മരിച്ച കുമാരന്റെ ഫലം പോസിറ്റീവ്. ജൂൺ നാലിന് അബുദാബിയിൽ നിന്ന് തിരിച്ചെത്തിയ ഇഞ്ചമുടി സ്വദേശി (38), മേയ് 27ന് മുംബയിൽ നിന്നെത്തിയ പുതുക്കാട് സ്വദേശി (26), മേയ് 29 ന് കർണ്ണാടകയിൽ നിന്നെത്തിയ ചെങ്ങാല്ലൂർ സ്വദേശി (41), 27 ന് മുംബയിൽ നിന്നെത്തിയ പുതുക്കാട് സ്വദേശി (59), ആരോഗ്യപ്രവർത്തകനിൽ നിന്ന് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച നെടുപുഴ സ്വദേശിനി (51), നേരത്തെ രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവർത്തകന്റെ സമ്പർക്കപട്ടികയിലുണ്ടായിരുന്ന ചേർപ്പ് സ്വദേശിനി (58), ജൂൺ ആറിന് യു.പിയിൽ നിന്ന് മടങ്ങിയെത്തിയ വേലൂക്കര സ്വദേശിനി (19), 25 ന് മുംബയിൽ നിന്നെത്തിയ ഇരിങ്ങാലക്കുട സ്വദേശി എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.
കഴിഞ്ഞ ഞായറാഴ്ച മെഡിക്കൽ കോളേജിൽ മരിച്ച ഏങ്ങണ്ടിയൂർ സ്വദേശി കുമാരൻ (87) കൊവിഡ് ബാധിതനായിരുന്നുവെന്ന് സ്രവപരിശോധനയിൽ തെളിഞ്ഞു. ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലാണ് കുമാരന്റെ സ്രവപരിശോധന നടന്നത്. ജില്ലയിൽ കൊവിഡ് 19 രോഗം സ്ഥിരീകരിച്ച 126 പേരാണ് ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. തൃശൂർ സ്വദേശികളായ 9 പേർ മറ്റു ജില്ലകളിൽ ആശുപത്രികളിലുണ്ട്. ഇതുവരെ ജില്ലയിൽ 179 കൊവിഡ് പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുളളത്. ജില്ലയിൽ 13185 പേരാണ് നിരീക്ഷണത്തിലുളളത്. ഇതു വരെ 4260 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 3100 സാമ്പിളുകളുടെ ഫലം വന്നു.1160 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
ഇന്നലെ ജില്ലയിൽ
ആശുപത്രിയിൽ പ്രവേശിപ്പിച്ചത് - 16 പേരെ
ആശുപത്രി വിട്ടത് - 9 പേർ
പുതുതായി നിരീക്ഷണത്തിൽ- 768 പേർ
നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കിയത്- 876 പേരെ
പരിശോധനയ്ക്ക് അയച്ചത് - 229