കൊടുങ്ങല്ലൂർ: പുല്ലൂറ്റ് നീലക്കംപാറ വെളിച്ചം അഗതിമന്ദിരത്തിന്റെ പരിശ്രമം ഇക്ബാലിന് നേടിക്കൊടുത്തത് സ്വന്തം കുടുംബത്തെ. കഴിഞ്ഞ മാർച്ച് അഞ്ചിനാണ് മൂന്നുപീടികയിലെ വഴിയോരങ്ങളിൽ നിന്നും വൃത്തിഹീനമായ അവസ്ഥയിൽ നിന്നും ഇക്ബാലിനെ കണ്ടു കിട്ടുന്നത്. കയ്പമംഗലം പൊലീസ് ട്രസ്റ്റ് ട്രഷറർ സൽമ സജിനുമായി ബന്ധപ്പെട്ട് ഇക്ബാലിനെ വെളിച്ചം അഗതിമന്ദിരത്തിലേക്ക് എത്തിക്കുകയായിരുന്നു.
താടിയും മുടിയും വളർന്ന് കാലുകളിൽ വ്രണം വന്ന ഇയാളുടെ ആരോഗ്യനില ഗുരുതരമായിരുന്നു. ഡോക്ടറുടെ നിർദ്ദേശപ്രകാരം വ്രണം കയറിയ രണ്ട് കാലുകളും മുറിച്ച് മാറ്റി. ചികിത്സയിലിരിക്കെ ബന്ധുക്കളെ തേടിയിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായി പാലക്കാട് നിന്നും മകൻ ജാവേദിനെ കണ്ടെത്താൻ കഴിഞ്ഞത്.
കഴിഞ്ഞ ദിവസം വരെ അഗതിമന്ദിരത്തിലെ സൽമയുടെയും ശ്രീജിത വിനയന്റെയും മേൽനോട്ടത്തിൽ കഴിയുകയായിരുന്ന ഇക്ബാലിനെ മകൻ ജാവേദിന് ട്രസ്റ്റ് പ്രസിഡന്റ് കെ.പി. സുനിൽകുമാർ കൈമാറുകയായിരുന്നു.