ഗുരുവായൂർ: ക്ഷേത്രത്തിലെത്തിയ വിവാഹ സംഘത്തിലെ ബ്യൂട്ടീഷ്യന് കൊവിഡുണ്ടെന്ന ഫോൺ വിളി ക്ഷേത്ര നഗരിയെ ആശങ്കയിലാക്കി. ഇന്നലെ രാവിലെ എട്ടുമണിയോടെയാണ് ക്ഷേത്രം ചീഫ് സെക്യൂരിറ്റി ഓഫീസർക്ക് ഫോൺ വിളിയെത്തിയത്. ക്ഷേത്രത്തിൽ നടക്കുന്ന വിവാഹങ്ങളിലെ പാലക്കാട് ജില്ലയിൽ നിന്നുള്ള വധുവിനെ അണിയിച്ചൊരുക്കിയ ബ്യൂട്ടിഷ്യന് കൊവിഡുണ്ടെന്നായിരുന്നു സന്ദേശം. വിളിക്കുന്നയാൾ എറണാകുളത്തു നിന്നാണെന്നും പേര് പറയുകയും ചെയ്തു. കൂടുതൽ വിവരങ്ങളും ഫോൺ നമ്പറും ചോദിച്ചതോടെ വിളിച്ചയാൾ ഫോൺ കട്ടാക്കി.
വിവരം ഉടൻ ദേവസ്വം അധികൃതർ ടെമ്പിൾ പൊലീസിലും ആരോഗ്യ വകുപ്പിനെയും അറിയിച്ചു. സ്ഥലത്തെത്തിയ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ ഓരോ വിവാഹ പാർട്ടിയെയും പരിശോധിക്കുകയും മുഴുവൻ വിവാഹ സംഘത്തിന്റെയും വിവരം പൊലീസ് ശേഖരിക്കുകയും ചെയ്‌തെങ്കിലും ഒന്നും കണ്ടെത്താനായില്ല.
ഫോൺ വിളിയുടെ ഉറവിടത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിളിച്ചയാളുടെ സ്വരത്തിൽ ഭീഷണിയുടെ ലക്ഷണമില്ലെന്നും ഒരു മുൻകരുതൽ ആണെന്നാണ് തോന്നിയതെന്നുമാണ് ഫോൺ എടുത്ത ജീവനക്കാരൻ പറയുന്നത്. ക്ഷേത്രത്തിൽ നേരത്തെ നിരവധി തവണ ബോംബ് വച്ചിട്ടുണ്ടെന്ന് അജ്ഞാത ഫോൺ സന്ദേശങ്ങൾ എത്തുക പതിവായിരുന്നു. ഇപ്പോൾ കൊവിഡിന്റെ പേരിലായി ഫോൺവിളി.