sn
പാറമണൽ കയറ്റിയ വന്ന ലോറി അന്തിക്കാട് പാന്തോട് റോഡിലെ കുഴിയിൽ ചരിഞ്ഞ നിലയിൽ

അന്തിക്കാട്: പാറമണൽ കയറ്റിവന്ന ലോറി അമൃത് കുടിവെള്ള പദ്ധതിക്കായി എടുത്ത കുഴിയിൽ താഴ്ന്നു. അന്തിക്കാട് പാന്തോടിന് സമീപം ബുധനാഴ്ച രാവിലെയാണ് സംഭവം. മറ്റൊരു വാഹനത്തിന് വഴി കൊടുക്കുന്നതിനിടെ ഒതുക്കിയപ്പോൾ കുടിവെള്ള പദ്ധതിക്കായി കുഴിയെടുത്ത് മണ്ണിട്ട് നികത്തിയിരുന്ന ഭാഗത്ത് ചക്രങ്ങൾ താഴുകയായിരുന്നു.

മണിക്കൂറുകൾ നീണ്ട അദ്ധ്വാനത്തിനൊടുവിൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ലോറിയിലെ മണൽ മാറ്റിയ ശേഷം ഏറെ പണിപ്പെട്ടാണ് വാഹനം എടുക്കാനായത്. കുടിവെള്ള പദ്ധതിക്കായി പൊളിച്ചിട്ടിരുന്ന കാഞ്ഞാണി - അന്തിക്കാട് റോഡ് പൂർവ്വസ്ഥിതിയിലാക്കാത്തതിനാൽ യാത്രക്കാർക്ക് ഏറെ ദുരിതമാണ്.

വേനൽക്കാലത്ത് പൊടിശല്യം രൂക്ഷമായിരുന്നു. ഇപ്പോൾ പൊളിച്ചിട്ടിരിക്കുന്ന ഭാഗം മുഴുവൻ ചെളിയാണ്. ഇരുചക്ര വാഹനങ്ങൾ തെന്നിവീഴലും റോഡിൽ ഗതാഗതക്കുരുക്കും പതിവാണ്. മഴ ശക്തിയാകുന്നതിന് മുമ്പ് മെറ്റലിറ്റ് ടാർ ചെയ്ത് റോഡ് ഗതാഗതയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.