തൃശൂർ: രണ്ട് ദിവസത്തിനുള്ളിൽ മൂന്നരക്കോടിയുടെ 185 കിലോഗ്രാം കഞ്ചാവും ഒരു കിലോഗ്രാം ഹാഷിഷ് ഒായിലും പിടികൂടിയെങ്കിലും അരിയും പലവ്യഞ്ജനങ്ങളും കയറ്റിവെച്ച് ജില്ലയിലേക്ക് കടത്തുന്നത് കോടികളുടെ ലഹരി വസ്തുക്കൾ.
സംസ്ഥാനത്തേക്കുള്ള ലോറികളിൽ 100 കിലോഗ്രാമിലേറെ കഞ്ചാവും മറ്റും വലിയ ചാക്കുകൾക്കടിയിൽ ഒളിപ്പിച്ച് കടത്തുന്നുണ്ടെങ്കിലും എങ്ങനെ പരിശോധിക്കുമെന്ന് അറിയാതെ നട്ടം തിരിയുകയാണ് പൊലീസും എക്സൈസും.
ചെക്ക് പോസ്റ്റുകളിൽ അത്യാധുനിക സ്‌കാനറുകൾ മറ്റ് രാജ്യങ്ങളിലുണ്ടെങ്കിലും കേരളത്തിലില്ല. അതുകൊണ്ടു തന്നെ പിടിക്കപ്പെടുന്നത് പകുതിയിൽ താഴെ കഞ്ചാവ് ലോറികൾ മാത്രം. ലോക്ക്ഡൗണിന്റെ മറവിൽ ലോറികൾ വഴിയാണ് 90 ശതമാനം കഞ്ചാവ് കടത്തും നടക്കുന്നത്. ഉണക്കമീൻ, അരി, പച്ചക്കറി, പലവ്യഞ്ജനങ്ങൾ, നിത്യോപയോഗ സാധനം എന്നിവയാണ് കഞ്ചാവ് ചാക്കുകൾക്ക് മീതെ വയ്ക്കുന്നത്.
കഴിഞ്ഞ തിങ്കൾ, ബുധൻ ദിവസങ്ങളിലാണ് ജില്ലയിൽ രണ്ട് വൻ കഞ്ചാവ് വേട്ട നടന്നത്. ഉണക്കമീൻ വണ്ടിയിൽ ഒളിപ്പിച്ചു കടത്തിയ 170 കിലോ കഞ്ചാവാണ് എക്‌സൈസ് ഇന്റലിജൻസ് മണ്ണുത്തിയിൽ നിന്ന് പിടികൂടിയത്. രണ്ടു പേർ അറസ്റ്റിലുമായി. കവചിത പിക്കപ് വാഹനത്തിൽ രണ്ട് അറകൾ ഉണ്ടാക്കി ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. അന്യസംസ്ഥാന തൊഴിലാളികളെ കൊൽക്കത്തയിലെത്തിച്ച് മടങ്ങും വഴി വാനിൽ ഒന്നരക്കോടി രൂപയുടെ ഹഷീഷ് ഓയിലും കഞ്ചാവും കടത്തിയ രണ്ടു പേരെ കാട്ടുങ്ങച്ചിറയിലും പൊലീസ് പിടികൂടി. മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന വാഹനങ്ങളിൽ വൻതോതിൽ ലഹരി കടത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസിന്റെ വാഹനപരിശോധന.
കഞ്ചാവ് വിളയുന്നത്
ഒഡീഷ, തമിഴ്നാട്, ആന്ധ്രപ്രദേശ്, വിശാഖപട്ടണം, ഈസ്റ്റ് ഗോദാവരി
വഴിയൊരുക്കുന്നത്
സംസ്ഥാന അതിർത്തികളിൽ പരിശോധനകൾ ഫലം കാണുന്നില്ല
മറ്റ് സംസ്ഥാനങ്ങളിലേതുപോലെ ഡ്രോൺ ഉപയോഗിച്ച് പരിശോധനയില്ല
ലഹരിവസ്തുക്കളുടെ മൊത്തവിൽപ്പനക്കാരും ഏജന്റുമാരും കൂടുന്നു
ലോക്ക്ഡൗൺ കാലത്തെ ഇളവുകളും പരിശോധനകളുടെ കുറവും
സുരക്ഷയില്ലാതെ ഉദ്യോഗസ്ഥർ
അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന പ്രതികളെ പിടികൂടുന്ന പൊലീസ്, എക്സൈസ് ഉദ്യോഗസ്ഥർക്ക് കൊവിഡ് പ്രതിരോധ സുരക്ഷാ സൗകര്യം ഇല്ലെന്ന പരാതിയുമുണ്ട്. പി.പി.ഇ കിറ്റ് അടക്കമുള്ളവ ലഭ്യമാക്കണമെന്ന് ആവശ്യമുയരുന്നുണ്ട്. പിടിയിലാകുന്ന പ്രതികൾക്ക് കൊവിഡ് പരിശോധന നടത്താൻ യാതൊരു മുൻകരുതലുകളും ഇല്ലാതെയാണ് ആശുപത്രികളിൽ ഉദ്യോഗസ്ഥരെത്തുന്നത്. ഇതിൽ ആശുപത്രി ജീവനക്കാർക്കും പ്രതിഷേധമുണ്ട്.
................
'' സ്കാനിംഗ് മെഷിൻ അടക്കമുള്ള പരിശോധനാ സംവിധാനങ്ങൾ ചെക്ക്പോസ്റ്റുകളിലും മറ്റും ഉണ്ടായാൽ അത് ഗുണകരമാകും. കഞ്ചാവ് കടത്ത് സംഘങ്ങളെ പിടികൂടാൻ പരിശോധന ശക്തമാക്കിയിട്ടുണ്ട്. ഉദ്യോഗസ്ഥർക്ക് കൊവിഡ് സുരക്ഷാ സംവിധാനങ്ങളും അനിവാര്യമാണ്. ''
പി.കെ സനു, ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ