തൃശൂർ : കൊവിഡ് പ്രതിസന്ധിയെ തുടർന്ന് ദുരിതത്തിലായ കുടുംബശ്രീ അംഗങ്ങളെ സഹായിക്കാനായി സംസ്ഥാന സർക്കാരിന്റെ പലിശ രഹിത വായ്പയുടെ വിതരണം ജില്ലയിൽ 73 ശതമാനം പൂർത്തിയായി. ഓരോ കുടുംബശ്രീ അംഗങ്ങൾക്കും ഇരുപതിനായിരം രൂപ വരെ ലഭിക്കുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും അപേക്ഷകരുടെ എണ്ണം വർദ്ധിച്ചതോടെ വായ്പാ പരിധി കുറച്ചു.
നിലവിൽ ഓരോരുത്തർക്കും 5,000 രൂപ മുതൽ 10,000 രൂപ വരെയാണ് വായ്പ ലഭിക്കുന്നത്. വായ്പയെടുത്ത് ആറ് മാസത്തെ മൊറട്ടോറിയം കാലയളവ് കഴിഞ്ഞതിന് ശേഷം മാത്രമേ തിരിച്ചടവ് ആവശ്യമുള്ളൂവെന്നതാണ് കുടുംബശ്രീ അംഗങ്ങൾക്ക് ആശ്വാസം. വായ്പ പ്രഖ്യാപിച്ചപ്പോൾ ലഭിച്ച അപേക്ഷ പ്രകാരം 635 കോടി രൂപ ആവശ്യമായിരുന്നു. ഇതോടെ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തി അപേക്ഷകരുടെ എണ്ണം കുറയ്ക്കുകയായിരുന്നു. രണ്ടിൽ കൂടുതൽ വായ്പയെടുത്തവർക്കും ഓഡിറ്റ് പൂർത്തീകരിക്കാത്തവർക്കും വായ്പ നൽകിയിരുന്നില്ല. ഇതോടെ പല കുടുംബശ്രീകൾക്കും സർക്കാർ പ്രഖ്യാപിച്ച ഗുണം ലഭിച്ചില്ല. ഇതിന് പരിഹാരമായി ലിംഗേജ് വായ്പ നൽകി സഹായിക്കുകയായിരുന്നു. എട്ടര ശതമാനം പലിശയ്ക്കാണ് ഇത്തരത്തിൽ വായ്പ നൽകുന്നത്. ഇതിൽ നാലു ശതമാനം കൃത്യമായ തിരിച്ചടവ് ഉണ്ടായാൽ തിരിച്ച് നൽകും.
വായ്പാ വിതരണം ഇങ്ങനെ
ജില്ലയ്ക്ക് അനുവദിച്ച വായ്പാ തുക 134 കോടി
ഇതുവരെ വിതരണം ചെയ്ത തുക 132.41 കോടി
അപേക്ഷ നൽകിയവർ 21,153
വായ്പയെടുത്ത സംഘങ്ങൾ 15,483
വായ്പയെടുത്തവർ 1,89,266
ലിംഗേജ് വായ്പ നൽകിയത് 32 കോടി
അപക്ഷേ നൽകാവുന്ന അവസാന തിയതി ജൂൺ 30