തൃശൂർ : ഇളവുകൾ പ്രഖ്യാപിച്ച്, ബസുകൾ നിരത്തിലിറങ്ങിയെങ്കിലും ബസ് സ്റ്റാൻഡുകളിൽ തിക്കും തിരക്കുമില്ല. ചാർജ്ജ് വർദ്ധന വന്നിട്ടും യാത്രക്കാരില്ലാത്തത് മൂലം ഇന്നലെയും കൂടുതൽ ബസുകൾ നിരത്തിലിറങ്ങിയില്ല. നഗരത്തിലെ പ്രധാന സ്റ്റാൻഡുകളായ ശക്തനിലും വടക്കേ സ്റ്റാൻഡിലും നാമമാത്ര ബസുകൾ മാത്രമാണ് വന്നു പോകുന്നത്.
ബസ് കാത്ത് നിൽക്കുന്നവരുടെ എണ്ണവും കുറവാണ്. സർക്കാർ ഓഫീസുകളിൽ മുഴുവൻ ജീവനക്കാരും എത്തണമെന്ന നിർദ്ദേശം വന്നതോടെ രാവിലെ പത്ത് മണിക്കുള്ളിലും വൈകീട്ട് അഞ്ച് മണിക്ക് ശേഷവും സർവീസ് നടത്തുന്ന ബസുകളിൽ യാത്രക്കാർ കയറുന്നുണ്ടെങ്കിലും മറ്റ് സമയങ്ങളിൽ പല റൂട്ടുകളിലും യാത്രക്കാർ കുറവാണ്.
സർക്കാർ ഓഫീസുകളിലേക്ക് പൊതുജനങ്ങൾക്കുള്ള പ്രവേശനം ഇപ്പോഴും പരിമിതപ്പെടുത്തിയിട്ടുണ്ട്. കൂടാതെ മറ്റ് ആവശ്യങ്ങൾക്ക് പുറത്തേക്ക് ഇറങ്ങുന്നതും കുറച്ചു. ഇതിന് പുറമെ ചാർജ്ജ് വർദ്ധനവും ജനത്തെ ബസ് യാത്രയിൽ നിന്ന് ഒഴിവാക്കാൻ പ്രേരിപ്പിക്കുന്നുണ്ട്. സ്വകാര്യ സ്ഥാപനങ്ങളിലും മറ്റ് ജീവനക്കാരുടെ എണ്ണം നിയന്ത്രിക്കുന്നതിനായി ഒന്നിടവിട്ട ദിവസങ്ങളിലാണ് ജോലി നൽകുന്നത്.