എരുമപ്പെട്ടി: വേലൂർ പഞ്ചായത്തിലെ തണ്ടിലത്ത് കൊവിഡ് ബാധിതൻ എത്തിയ സംഭവത്തിൽ സാമൂഹ വ്യാപനം ഉണ്ടായിട്ടില്ലെന്ന് ആരോഗ്യ വകുപ്പ്. ഇയാളോട് അടുത്തിടപഴകിയ ഭാര്യയുടേയും സഹോദരൻ്റേയും പരിശോധന ഫലം നെഗറ്റീവാണ്. ജൂൺ 2 നാണ് ദുബായിയിൽ നിന്ന് കൊവിഡ് ബാധിതൻ തണ്ടിലത്തെത്തിയത്. ഹൃദയ സംബന്ധമായ അസുഖമുള്ള ഇയാൾ നെടുമ്പാശേരിയിൽ വിമാനം ഇറങ്ങിയതിന് ശേഷം ആശുപത്രിയിലേക്കാണെന്ന് പറഞ്ഞ് സഹോദരനോടൊപ്പം കാറിൽ തണ്ടിലത്തുള്ള വീട്ടിലേക്ക് വരുകയായിരുന്നു. ഇയാളെ കുറിച്ചുള്ള വിവരങ്ങൾ ആരോഗ്യ വകുപ്പിന് ലഭിച്ചിരുന്നില്ല. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ജൂൺ 3ന് ഇയാളെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ മെഡിക്കൽ കോളേജിലെ ഐസൊലേഷൻ കേന്ദ്രത്തിലേക്ക് മാറ്റി. ഇയാളോട് അടുത്തിടപഴകിയ സഹോദരൻ ഇതിന് ശേഷം പലസ്ഥലങ്ങളിലും സഞ്ചരിച്ചിരുന്നു. ഇത് ജനങ്ങളിൽ വലിയ പരിഭ്രാന്തിക്കിടയാക്കിയിട്ടുണ്ട്. അതേ സമയം ഇയാളുടെ പരിശോധനാഫലം നെഗറ്റീവായാതിനാൽ സമൂഹ വ്യാപനം നടന്നിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. കൊവിഡ് ബാധിതൻ ഇപ്പോഴും ചികിത്സയിലാണ്.