തൃശൂർ: കൊവിഡ് സാമൂഹിക വ്യാപനത്തിന്റെ വക്കിൽ നിൽക്കുമ്പോൾ, ആയുർവേദ പ്രതിരോധ മരുന്നുകൾ ഉപയോഗിക്കുന്ന ക്വാറന്റൈനിലുളളവരുടെ പ്രതിരോധ ശേഷിയും, ആരോഗ്യസ്ഥിതിയും പഠന വിധേയമാക്കാൻ ഭാരതീയ ചികിത്സാ വകുപ്പ്. സമ്പർക്ക വിലക്കിലുളളവർക്ക് ആരോഗ്യസംരക്ഷണം ഒരുക്കുന്ന "അമൃതം" പദ്ധതിയുടെ ഭാഗമായി, ജില്ലാ ആയുർവേദ കൊവിഡ് റെസ്പോൺസ് സെല്ലുകൾ വഴി സംസ്ഥാന തലത്തിലേക്ക് അയക്കുന്ന റിപ്പോർട്ടുകൾ പരിശോധിച്ചാണ് പഠനം നടത്തുക.
ആയിരത്തിലേറെ പേർക്ക് മരുന്നുകളും ജീവിതശൈലി ക്രമീകരണത്തിനുളള നിർദ്ദേശങ്ങളും ജില്ലയിൽ നൽകിയിട്ടുണ്ട്. മരുന്ന് കഴിക്കുന്നവരുടെയും കഴിക്കാത്തവരുടെയും വിവരം എല്ലാ ഡിസ്പെൻസറികളിൽ നിന്നും ശേഖരിക്കും. ഇൗ രണ്ട് ഗ്രൂപ്പുകളിലെ രോഗലക്ഷണങ്ങളും ഇവർ പൊസിറ്റീവ് ആകുന്നുണ്ടോ എന്നും പരിശോധിക്കും. എല്ലാ ദിവസവും ഗൂഗിൾഫോം വഴി എല്ലാ ഡോക്ടർമാരും വിവരം അയക്കുന്നുണ്ട്.
കേസ് ഷീറ്റുകളും സൂക്ഷിക്കും. പതിനാല് ദിവസം മരുന്ന് കൊടുത്തശേഷം മൊത്തം 28 ദിവസം വരെ നിരീക്ഷിക്കും. മരുന്ന് കഴിക്കാൻ താൽപ്പര്യമുണ്ടെന്ന് വ്യക്തമാക്കുന്ന, വീട്ടുനിരീക്ഷണത്തിലുളളവരുടെയും ഇൻസ്റ്റിറ്റ്യൂഷൻ ക്വാറന്റൈനിലുളളവരുടേയും സമ്മതപത്രവും വാട്ട്സ് ആപ്പിലൂടെയും മറ്റും ശേഖരിക്കുന്നുണ്ട്. കൃത്യമായി മരുന്ന് കഴിക്കുന്നുവെന്നും ഉറപ്പുവരുത്തുന്നുണ്ട്.
എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും വൈദ്യരത്നം ആയുർവേദ കോളേജിലും ആയുർരക്ഷാ ക്ലിനിക് ഉണ്ട്.
.....
രോഗം സ്ഥിരീകരിച്ചവരിൽ ആയുർവേദമരുന്ന് നൽകുന്നില്ലെങ്കിലും നെഗറ്റീവ് ആയ ശേഷം ആരോഗ്യം തിരിച്ചുകൊണ്ടുവരാൻ 'പുനർജനി' പദ്ധതി.
ആയുർവേദമരുന്ന് ഉപയോഗിച്ചയാൾ കൊവിഡ് പോസിറ്റീവ് ആവുകയാണെങ്കിൽ അതിന് എടുക്കുന്ന സമയവും അതിലെ തീവ്രതയും പഠന വിധേയമാക്കും.
സമ്പർക്ക വിലക്കിൽ കഴിയുന്നവർക്ക് പദ്ധതിയിൽ അംഗമാകണമെങ്കിൽ അടുത്തുള്ള സർക്കാർ ആയുർവേദ ഡിസ്‌പെൻസറിയിലെ മെഡിക്കൽ ഓഫീസറെ ബന്ധപ്പെടാം
>>>>>>>>>>>>>>
നടപ്പാക്കുന്നത്: ജില്ലയിലെ 117 ആയുർരക്ഷാ ക്ലിനിക്കുകൾ
മരുന്ന് നൽകുന്നത്: സന്നദ്ധപ്രവർത്തകർ, ആശാ വർക്കർമാർ, വിദ്യാർത്ഥികൾ, റാപിഡ് റെസ്പോൺസ് ടീം അംഗങ്ങൾ
പദ്ധതിനടത്തിപ്പ്: ഭാരതീയ ചികിത്സ വകുപ്പ്, നാഷണൽ ആയുഷ് മിഷൻ, ആയുർവേദ മെഡിക്കൽ കോളേജുകൾ,
സഹകരണം: ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യ
"ജില്ലയിലെ എല്ലാ ഡിസ്പെൻസറികളിലും മരുന്ന് ലഭ്യമാണ്. മറ്റ് അസുഖങ്ങളുളളവരെ ഡോക്ടർമാർ നേരിട്ട് വിളിച്ച് മറ്റ് മരുന്നുകളും ലഭ്യമാക്കുന്നുണ്ട്. പഞ്ചായത്ത് തലത്തിൽ ആയുർരക്ഷാ ടാസ്ക്ഫോഴ്സുകൾ വഴിയാണ് മരുന്ന് വിതരണം."
- ഡോ.പി.ആർ.സലജകുമാരി, ജില്ലാ ആയുർവേദ മെഡിക്കൽ ഓഫീസർ
>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>
വിവരങ്ങൾക്ക്: 8547831185 - ഡോ.ബിജു, ജില്ലാ കോ ഒാഡിനേറ്റർ.
മാനസികപ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് : 9188526392