എരുമപ്പെട്ടി: നെല്ലുവായ്- കരിയന്നൂർ ഗ്രൂപ്പ് വില്ലേജ് ഓഫീസിൽ നികുതിയടക്കാൻ എത്തിയവരെ അകാരണമായി മടക്കിയച്ചത് പ്രതിഷേധത്തിനിടയാക്കി. വില്ലേജ് ഓഫീസറും ഉദ്യോഗസ്ഥരും സാധാരണക്കാരെ മനപൂർവ്വം ബുദ്ധിമുട്ടിക്കുന്നതായി ആരോപിച്ച് ജനപ്രതിനിധികൾ ഉൾപ്പടെയുള്ളവർ രംഗത്തെത്തിയിരിക്കുകയാണ്. ആവശ്യങ്ങൾക്കായി എത്തുന്ന സാധാരാണക്കാരെ നിസാര കാരണങ്ങൾ പറഞ്ഞ് മടക്കി അയക്കുകയും നികുതിയടക്കാൻ എത്തുന്നവരെ ആഴ്ചകളോളം നടത്തിക്കുകയും ചെയ്യുന്നതായാണ് പരാതി. ഉദ്യോഗസ്ഥർക്ക് താല്പര്യമുള്ളവർക്ക് മാത്രം ആവശ്യങ്ങൾ നടത്തി കൊടുക്കുന്നതായും ആക്ഷേപമുണ്ട്. ഇന്നലെ നികുതിയടക്കാൻ എത്തിയവരെ പുസ്തകമില്ലെന്ന കാരണം പറഞ്ഞാണ് മടക്കി അയച്ചത്. ഇത് വാക്കേറ്റത്തിനും പ്രതിഷേധത്തിനുമിടയാക്കി. വില്ലേജ് ഓഫീസർക്കെതിരെ ഇത്തരത്തിൽ പരാതികൾ മുൻപും ഉയർന്നിട്ടുണ്ട്. ഗുണഭോക്താവിൻ്റെ പരാതിയെ തുടർന്ന് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഒരു ഉദ്യോഗസ്ഥൻ കൈക്കൂലി ആവശ്യപ്പെടുന്നതായും പരാതിയുണ്ട്.

ഉദ്യോഗസ്ഥരുടെ ഈ നടപടിയിൽ എരുമപ്പെട്ടി പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡൻ്റുമായ എൻ.കെ. കബീർ പ്രതിഷേധിച്ചു. കൊവി‌ഡ് കാലത്ത് പോലും ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ ഫോൺ ചെയ്താൽ വില്ലേജ് ഓഫീസർ എടുക്കാറില്ല. ഇത്തരം നടപടികൾ അവസാനിപ്പിച്ചില്ലെങ്കിൽ ശക്തമായ സമര പരിപാടികൾ നടത്തുമെന്ന് എൻ.കെ. കബീർ അറിയിച്ചു.