കാഞ്ഞാണി: രണ്ട് പഞ്ചായത്തുകൾക്ക് ഇടയിലെ സ്റ്റീൽ പാലം അപകടഭീഷണിയിൽ. പഞ്ചായത്തുകളുടെ പരസ്പര സഹകരണം ഇല്ലായ്മയിൽ അപകട വഴിയിലൂടെയാണ് വാഹനങ്ങളുടെ യാത്ര.
മണലൂർ പഞ്ചായത്തിനെയും വെങ്കിടങ്ങ് പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന ഏനാമാവ് മണലൂർ സ്റ്റീൽ പാലത്തിൽ മിനുസമാർന്ന വഴിയിൽ ബൈക്കുകളുൾപ്പെടെ തെന്നിമറിഞ്ഞ് വീഴുന്നത് പതിവാകുകയാണ്. പാലത്തിലൂടെ കാൽനട യാത്രികർക്ക് നടന്നു പോകാൻ കഴിയാത്ത അവസ്ഥയാണ്. ഇരുചക്ര വാഹനങ്ങൾ യാതൊരുവിധ നിയന്ത്രണങ്ങളുമില്ലാതെയാണ് കടന്നുപോകുന്നത്. യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചിട്ടില്ല. കഴിഞ്ഞ ദിവസം കാൽനടയാത്രികയായ മദ്ധ്യവയസ്‌കയുടെ മേൽ ഇരുചക്രവാഹനം ഇടിച്ച് കൈയ്ക്ക് അപകടം സംഭവിച്ചിരുന്നു. മണലൂർ മനയ്ക്കൽ പാടത്തുള്ള ചിറയത്ത് ദീലിപിന്റെ ഭാര്യയ്ക്കാണ് അപകടം സംഭവിച്ചത്.
പാലത്തിന്റെ ഗ്രിപ്പ് നഷ്ടപ്പെട്ടതിനാൽ മഴക്കാലത്താണ് കൂടുതൽ അപകടം. പരാതികളെ തുടർന്ന് ഇരുചക്ര വാഹനങ്ങൾ നിരോധിച്ചിരിക്കുന്നുവെന്ന് പഞ്ചായത്ത് സെക്രട്ടറിയുടെ പേരിൽ പാലത്തിന് മുന്നിൽ നോട്ടീസ് ബോർഡ് സ്ഥാപിച്ചുവെന്നല്ലാതെ കർശനമായ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. ഇരു പഞ്ചായത്തിന്റെയും അതിർത്തിയിലൂടെ പോകുന്ന പാലമായതിനാൽ നടപടി സ്വീകരിക്കേണ്ടത് രണ്ട് പഞ്ചായത്തും കൂടിയാണ്. മണലൂർ പഞ്ചായത്തിന്റെ നിസഹരണവും തീരുമാനം വൈകുന്നതും അപകട ഭീഷണി ഉയർത്തുന്നുണ്ട്.
..........
സ്റ്റീൽ പാലത്തിൽ അപകടം വർദ്ധിച്ചതിനാൽ ഇരുചക്രവാഹനങ്ങൾ പോകുന്നത് തടയാൻ ഭരണസമിതി തീരുമാനം മണലൂർ പഞ്ചായത്തിനെ അറിയിച്ചിട്ടും മറുപടി ലഭിച്ചിട്ടില്ല. ഇരുചക്രവാഹനം പോകുന്നത് തടയേണ്ട എന്ന നിലപാടാണ് മണലൂർ പഞ്ചായത്തിനുള്ളത്.
പത്മിനി പി.കെ
പ്രസിഡന്റ്
വെങ്കിടങ്ങ് പഞ്ചായത്ത്
.............
സ്റ്റീൽ പാലത്തിലൂടെ ഇരുചക്രവാഹനം പോകുന്നത് തടയാൻ ഉദ്ദേശിക്കുന്നില്ല. അപകടങ്ങൾ സംഭവിക്കാതിരിക്കാനുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കും. ഫണ്ടിന്റെ ലഭ്യത കുറവായതു കൊണ്ടാണ് വൈകുന്നത്.
വിജി ശശി
പ്രസിഡന്റ്
മണലൂർ പഞ്ചായത്ത്