പാവറട്ടി: മുല്ലശ്ശേരി, എളവള്ളി പഞ്ചായത്തുകളുടെ അതിർത്തി പങ്കിടുന്ന കണ്ണേങ്ങാത്ത് കൂമ്പുള്ളി ബണ്ട് റോഡിന്റെ തകർന്ന ഭാഗം പുനർനിർമ്മാണം ആരംഭിച്ചു. ഫിഷറീസ് വകുപ്പിന്റെ ഫണ്ടുപയോഗിച്ച് ചേറ്റുവ ഹാർബർ എൻജിനിയറിംഗ് വിഭാഗമാണ് ജോലികൾ ചെയ്യുന്നത്.
ഒരുമാസം മുമ്പ് മുരളി പെരുനെല്ലി എം.എൽ.എ ഇടപെട്ടാണ് ലോക്ക്ഡൗണിൽ നിറുത്തിവച്ചിരുന്ന പണി പുനരാരംഭിച്ചത്. എന്നാൽ ടാറിംഗ് കഴിഞ്ഞ് ഏറെ നാൾ കഴിയും മുമ്പ് റോഡ് തകർന്നത് വിമർശനങ്ങൾക്കിടയാക്കി.
എൻജിനീയറിംഗ് വിഭാഗത്തെ ബന്ധപ്പെട്ട എം.എൽ.എ അടിയന്തരമായി പണിയാരംഭിക്കണമെന്ന് ആവശ്യപ്പെട്ട പ്രകാരമാണ് പണി തുടങ്ങിയത്. റോഡിന്റെ നിർമ്മാണം കഴിഞ്ഞ ഉടനെ റോഡ് തകർന്നതിൽ നാട്ടുകാർ പ്രതിഷേധം അറിയിച്ചിരുന്നു. പ്രതിഷേധ പ്രകടനവും സമരവും നടത്തിയിരുന്നു.
......................
കരിങ്കൽ കെട്ടിയ ഭാഗം തകരുകയല്ല മറിച്ച് മതിൽകെട്ടിയ ഒരുഭാഗത്തെ ബണ്ട് മഴപെയ്തപ്പോൾ താഴ്ന്നതാണ് പ്രശ്‌നമായത്. റോഡിന്റെ പണി പൂർത്തീകരിച്ച് ബിൽ സബ്മിറ്റ് ചെയ്തിട്ടില്ല. രണ്ടു വർഷത്തെ ഗ്യാരണ്ടിയോടുകൂടിയാണ് റോഡ് നിർമ്മാണമെന്നതിനാൽ
രണ്ടു വർഷത്തിനുള്ളിൽ റോഡിന് കേടുപാടുകൾ വന്നാൽ കരാറുകാരൻ ഉത്തരവാദിയാണ്.
- (അസി.എക്‌സിക്യൂട്ടീവ് എൻജിനിയർ പി.വി. പാവന, അസി. എൻജിനിയർ ആൽവിൻ പി. ഗോപാൽ എന്നിവർ എം.എൽ.എയെ അറിയിച്ചത്)
നിർമ്മാണം പൂർത്തിയായ ഉടനെ തകർന്ന കണ്ണേങ്ങാത്ത് കൂമ്പുള്ളി ബണ്ട് റോഡ് പുനർനിർമ്മാണം നടത്തുന്നു.