കൊടുങ്ങല്ലൂർ: നഗരസഭാ യോഗത്തിൽ സി.പി.ഐ അംഗത്തിന്റെ രോഷപ്രകടനവും എതിരെ സി.പി.എം അംഗങ്ങൾ രംഗത്തെത്തിയതും ചെയർമാൻ വൈകാരികമായി പ്രതികരിച്ചതും രാഷ്ട്രീയ വിവാദമായി. ചേരിപ്പോരെന്ന വ്യാഖ്യാനവുമായി എൽ.ഡി.എഫ് ഭരണത്തിനെതിരെ ബി.ജെ.പിയും കോൺഗ്രസും രംഗത്തെത്തി.

ഉദ്യോഗസ്ഥതലത്തിലെ നിരുത്തരവാദപരമായ സമീപനം വികസന പ്രവർത്തനങ്ങളിൽ അനുഭവപ്പെടുന്ന മുരടിപ്പ് ചൂണ്ടിക്കാട്ടി സി.പി.ഐ അംഗം പി.ഒ ദേവസിയാണ് വിമർശിച്ചത്. ഇതിനെതിരെ സി.പി.എമ്മിലെ കെ.എസ് കൈസാബും അഡ്വ. സി.പി രമേശനും രംഗത്തെത്തി. ചെയർമാൻ കെ.ആർ ജൈത്രൻ വൈകാരികമായി പ്രതികരിച്ചു. ഇതോടെ ബി.ജെ.പിയും കോൺഗ്രസും നഗരസഭാ ചെയർമാന്റെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തി. ചെയർമാനും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരും കഴിവ് കെട്ടവരാണെന്നും കൗൺസിൽ യോഗത്തിൽ സി.പി.ഐ കൗൺസിലർമാർ പരസ്യമായി വിളിച്ച് പറഞ്ഞത് മാനിച്ച് ചെയർമാൻ രാജിവെച്ച് പുറത്ത് പോകണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു.

കേന്ദ്ര പദ്ധതിയായ പ്രധാനമന്ത്രി ആവാസ് യോജന വഴി നൽകിയ ആയിരക്കണക്കിന് വീടുകളുടെ പേരിൽ മേനി നടിച്ചിരുന്ന ചെയർമാന്റെ പൊയ് മുഖം അഴിഞ്ഞു വീണുകഴിഞ്ഞു. കൂടിവെള്ള പൈപ്പ് ലൈൻ നീട്ടാത്തതും , വഴിവിളക്കുകൾ കത്താത്തതും അടക്കമുള്ള പ്രവൃത്തികൾ പൂർത്തീകരിച്ചില്ലെങ്കിൽ പ്രക്ഷോഭ പരിപാടികൾ ആരംഭിക്കുമെന്നും ബി.ജെ.പി. മുനിസിപ്പൽ കമ്മറ്റി പ്രസിഡന്റ് ഒ.എൻ ജയദേവനും ജനറൽ സെക്രട്ടറി ടി.എസ് സജീവനും പറഞ്ഞു.

കൊവിഡുമായി ബന്ധപ്പെട്ട വിഷയം പോലും ചർച്ചയ്ക്കെടുക്കാതെ ഭരണകക്ഷി അംഗങ്ങൾ തന്നെ ' നഗരസഭയുടെ കുത്തഴിഞ്ഞ 'ഭരണത്തിനെതിരെ പരസ്യമായി രംഗത്ത് വന്ന സാഹചര്യം കണക്കിലെടുത്ത് ചെയർമാൻ രാജി വച്ചൊഴിയണമെന്ന് നഗരസഭയിലെ കോൺഗ്രസ് പാർലമെന്ററി പാർട്ടിയോഗം ആവശ്യപ്പെട്ടു. ഭരണപരാജയത്തിന്റെ നീണ്ട പട്ടിക അക്കമിട്ട് നിരത്തി പാർലമെന്ററി പാർട്ടി ലീഡർ വി.എം ജോണി തയ്യാറാക്കിയ പത്രക്കുറിപ്പിൽ കൗൺസിലർമാരായ ഗീതാദേവി, കവിതാമധു, പ്രിൻസി മാർട്ടിൻ എന്നിവരും ഒപ്പുവെച്ചിട്ടുണ്ട്..