കൊടുങ്ങല്ലൂർ: പ്രവാസിക്ക് ക്വാറന്റൈനായി ഒരുക്കിയ വീടിന് നേരെ ആക്രമണം നടത്തിയവരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്ന് ഇ.ടി ടൈസൻ മാസ്റ്റർ എം.എൽ.എ ആവശ്യപ്പെട്ടു. പ്രവാസി സമൂഹത്തോട് കരുതലും സ്നേഹവും കൂടുതൽ പ്രകടമാക്കേണ്ട സമയത്ത് ഈ സംഭവം അങ്ങേയറ്റം അപലപനീയമാണെന്നും സംഭവ സ്ഥലം സന്ദർശിച്ച പ്രവാസി ഫെഡറേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് കൂടിയായ എം.എൽ.എ പറഞ്ഞു.

കട്ടൻബസാർ കോനക്കാട്ട് പറമ്പിൽ ഖാലിദിന്റെ വീടിന് നേരെയാണ് ചൊവ്വാഴ്ച രാത്രിയിൽ ആക്രമണം ഉണ്ടായത്. ഖാലിദിന്റെ മകൻ ഷിഹാബ് കുവൈറ്റിൽ നിന്ന് കരിപ്പൂർ എയർപോർട്ടിലെത്തിയിരുന്നു. അവിടെ മഞ്ചേരി മെഡിക്കൽ കോളേജിലെ ടെസ്റ്റുകൾക്ക് ശേഷം ഹോം ക്വാറന്റൈനായി വീട്ടിൽ ഒരുക്കം പൂർത്തിയാക്കുകയും മാതാപിതാക്കളെ മറ്റൊരു വീട്ടിലേക്ക് മാറ്റിയിരുന്നു.