എരുമപ്പെട്ടി: ചിറമനേങ്ങാട് ഗ്രാമത്തിൽ കുതിര കുളമ്പടിനാദം ഉയരുന്നു. നാട്ടുകാരനായ അബ്ദുൾ ജലീലിന്റെ കുതിരകളാണ് ഗ്രാമവീഥികളിലൂടെ സവാരി നടത്തുന്നത്.
കുതിരകളെ ഇഷ്ടമുള്ള അബ്ദുൾ ജലീൽ എട്ട് വർഷങ്ങൾക്ക് മുമ്പാണ് ആദ്യത്തെ കുതിരയെ സ്വന്തമാക്കിയത്. ഇപ്പോൾ ജലീലിന്റെ കുതിരാലയത്തിൽ ഏഴ് കുതിരകളുണ്ട്. ഇവയെ പരിപാലിക്കാൻ പ്രതിമാസം ഇരുപതിനായിരം രൂപയോളം ചെലവ് വരുന്നുണ്ട്.
സാമ്പത്തിക പ്രതിസന്ധി ഉടലെടുത്തപ്പോൾ പെയിന്റിംഗ് തൊഴിലാളിയായ ജലീൽ റൈഡിംഗ് പരീശീലനം തുടങ്ങി. കുതിര സവാരി ആസ്വദിക്കാനും പഠിക്കാനും യുവാക്കളും കുട്ടികളും തുടങ്ങിയതോടെ ചിറമനേങ്ങാട് ഗ്രാമം കുതിര കുളമ്പടിയിൽ മുഖരിതമാണ്.
രണ്ട് കോച്ചുകളെ നിയോഗിച്ചാണ് പരിശീലനം നൽകുന്നത്. പന്നിത്തടം ഗ്രൗണ്ട്, ചിറമനേങ്ങാട് പാടശേഖരം എന്നിവിടങ്ങളിലാണ് പരിശീലനം നടത്തി വരുന്നത്. പരിശീലനം പൂർത്തിയാക്കിയവർക്ക് മൈസൂരിൽ ടെസ്റ്റ് നടത്തി റൈഡിംഗ് സർട്ടിഫിക്കറ്റും നൽകുന്നുണ്ട്.
ജലീലിന്റെ മകൻ പത്തു വയസ്സുകാരനുമായ നൗഫലും പരിശീലനം നേടിയ മികച്ച റൈഡറാണ്. വിവാഹങ്ങൾപോലെയുള്ള ആഘോഷങ്ങൾക്കും ജലീലിന്റെ കുതിരകൾക്ക് നല്ല ഡിമാൻഡാണ്. കൊവിഡ് മഹാമാരി തൊഴിലിനെ പ്രതികൂലമായി ബാധിക്കുന്ന സാഹചര്യത്തിൽ ഓമനിച്ച് വളർത്തുന്ന കുതിരകൾ ജലീലിന് ഒരു വരുമാനമാർഗമായി മാറിയിരിക്കുകയാണ്.