തൃശൂർ : കൊവിഡിന്റെ ഭീതിയുടെ വ്യാപ്തി കൂട്ടി ജില്ലയിൽ നാല് കണ്ടെയ്ൻമെന്റ് സോൺ കൂടി. വാടാനപ്പിള്ളി, ഏണ്ടണ്ടിയൂർ പഞ്ചായത്തുകൾ പൂർണ്ണമായും ചാവക്കാട് നഗരസഭയിൽ മണത്തല വില്ലേജ് ഉൾപ്പെടുന്ന പ്രദേശങ്ങൾ, തൃശൂർ കോർപറേൻ പരിധിയിലെ 24 മുതൽ 34 വരെ ഡിവിഷനുകളും 41 -ാം ഡിവിഷനുമാണ് ഇന്നലെ ഹോട്ട് സ്‌പോട്ടായി പ്രഖ്യാപിച്ചത്. ഇതോടെ ജില്ലയിൽ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം പത്തായി.

നേരത്തെ അവണൂർ, തൃക്കൂർ, ചേർപ്പ്, അടാട്ട്, വടക്കേക്കാട് പഞ്ചായത്തുകളും ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയിൽ ഉൾപ്പെടുന്ന പൊറത്തിശേരിയും ഹോട്ട് സ്‌പോട്ടായി പ്രഖ്യാപിച്ചിരുന്നു. ലക്ഷണമില്ലാത്തവരിൽ നിന്നും സമ്പർക്കത്തിലൂടെ രോഗം പടരുന്നത് ഏറെ ആശങ്കയാണ് പരത്തുന്നത്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ നാലു പേർ ചുമട്ടുതൊഴിലാളികളും നാലു പേർ കോർപറേഷന്റെ ശുചീകരണ തൊഴിലാളുമാണ്. ഇവർക്ക് രോഗം പകർന്നത് എവിടെ നിന്നാണെന്ന് കണ്ടെത്താനായിട്ടില്ല. ഇതിനിടെ കൂടുതൽ ആരോഗ്യ പ്രവർത്തകരിലേക്ക് രോഗം വ്യാപിക്കുന്നതും ആശങ്ക വർദ്ധിക്കുന്നു. ഇന്നലെ മാത്രം 14 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഇതിൽ ആശാ വർക്കടക്കം നാലു പേർ ആരോഗ്യ പ്രവർത്തകരാണ്. സാധാരണക്കാരായ നിരവധി പേർക്ക് രോഗം കണ്ടെത്തിയതോടെ സാമൂഹിക വ്യാപന ഭീതിയിലാണ് ജില്ല. ഇന്ന് മുതൽ ജില്ലയിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്താനുള്ള നീക്കത്തിലാണ് ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും.


കോർപറേഷൻ പരിധിയിലെ ഹോട്ട്‌ സ്‌പോട്ടുകൾ


വളർക്കാവ്

കുരിയച്ചിറ

അഞ്ചേരി

കുട്ടനെല്ലൂർ

പടവരാട്

എടക്കുന്നി

തൈക്കാട്ടുശേരി

ഒല്ലൂർ

കൂർക്കഞ്ചേരി

ചിയ്യാരം സൗത്ത്

ചിയ്യാരം നോർത്ത്

കണ്ണംകുളങ്ങര

കണ്ടെയ്ൻമെന്റ് സോൺ പത്ത്

ഇതുവരെ രോഗം സ്ഥിരീകരിച്ചത് 202 പേർക്ക്

ചികിത്സയിലുള്ളത് 145 പേർ