തൃശൂര്‍ : ജില്ലാ കളക്ടര്‍ ഏറ്റെടുത്ത ഇന്‍സ്റ്റിറ്റ്യൂഷന്‍ തല ക്വാറന്റൈന്‍ കേന്ദ്രത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന നാല് ശുചീകരണ തൊഴിലാളികള്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോര്‍പറേഷന്‍ മെയിന്‍ സോണല്‍ ഓഫീസുകളിലേയ്ക്കുള്ള പ്രവേശനം കര്‍ശനമായി നിയന്ത്രിക്കും.

കോര്‍പറേഷന്‍ കോമ്പൗണ്ടിലേയ്ക്ക് കൗണ്‍സിലര്‍മാരുടെയും, ഓഫീസ് ജീവനക്കാരുടെയും വാഹനങ്ങള്‍ക്ക് മാത്രമേ പ്രവേശനം ഉണ്ടായിരിക്കുകയുള്ളൂ. മുന്‍വശത്തുള്ള പ്രധാന ഗേറ്റുകളില്‍ കൂടി പൊതുജനങ്ങള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. അഴീക്കോടന്‍ രാഘവന്‍ റോഡില്‍ നിന്നുള്ള ഗേറ്റില്‍ കൂടി മാത്രമേ ജനങ്ങള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കുകയുള്ളൂ.

ഓഫീസ് ആവശ്യത്തിന് വരുന്ന പൊതുജനങ്ങള്‍ക്ക് ജനറല്‍ സെക്‌ഷനില്‍ മാത്രമേ പ്രവേശനം ഉണ്ടായിരിക്കുകയുള്ളൂ. ബന്ധപ്പെട്ട അപേക്ഷകള്‍ ജനറല്‍ സെക്‌ഷനില്‍ സ്ഥാപിച്ചിട്ടുള്ള ബോക്സില്‍ പൂര്‍ണ്ണമായ വിലാസവും, ഫോണ്‍ നമ്പറും എഴുതി നിക്ഷേപിക്കണം. ബന്ധപ്പെട്ട ഫോണ്‍ നമ്പറുകളിലേയ്ക്ക് കൈപ്പറ്റ് രസീത് നല്‍കും. മറ്റുള്ള സെക്‌ഷനുകളിലേയ്ക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. ഓഫീസിലേയ്ക്ക് വരുന്ന ആളുകള്‍ മാസ്ക് ധരിക്കണം. കവാടത്തില്‍ സ്ഥാപിച്ചിട്ടുള്ള ഹാൻഡ് വാഷ് ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കണം. നികുതി, ഇലക്ട്രിസിറ്റി ചാര്‍ജ്ജുകള്‍ എന്നിവ അടയ്ക്കേണ്ടവര്‍ കോര്‍പറേഷന്‍ ഓണ്‍ലൈന്‍ സംവിധാനം ഉപയോഗപ്പെടുത്തണം. 10 വയസിന് താഴെയുള്ള കുട്ടികള്‍ക്കും, 60 വയസിന് മുകളിലുള്ളവര്‍ക്കും ഒരു കാരണവശാലും ഓഫീസിലേയ്ക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ലെന്നും മേയർ അറിയിച്ചു.