ചാവക്കാട്: താലൂക്ക് ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സ് ഉൾപ്പെടെ അഞ്ച് ജീവനക്കാർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതോടെ അടുത്ത കുറച്ച് ദിവസങ്ങളിൽ ആശുപത്രിയിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയതായി ആശുപത്രി സൂപ്രണ്ട് ഡോ. പി.കെ. ശ്രീജ അറിയിച്ചു. ഇന്നലെ വൈകീട്ടോടെയാണ് ആശുപത്രിയിലെ അഞ്ച് ജീവനക്കാർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചത്. ആശുപത്രിയിലെ മുഴുവൻ ജീവനക്കാരെയും കഴിഞ്ഞ ദിവസം കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഓരോരുത്തരുടെയും സ്രവം വെവ്വേറെ എടുത്ത് അയക്കുന്നതിന് പകരം അഞ്ച് പേരടങ്ങുന്ന ഓരോ ഗ്രൂപ്പ് തിരിച്ചാണ് പരിശോധന നടത്തിയതെന്ന് പറയുന്നു. ഇതിൽ ഒരു ഗ്രൂപ്പിലെ അംഗങ്ങൾക്കാണ് രോഗം സ്ഥിരീകരിച്ചത്.