തൃശൂർ: കൊവിഡ് വ്യാപനം നേരിടുന്നതിന് കർശന നടപടി സ്വീകരിക്കണമെന്നും താത്കാലികമായി ജില്ലയിൽ സമ്പൂർണ്ണ ലോക് ഡൗൺ ഏർപ്പെടുത്തണമെന്നും മുഖ്യമന്ത്രിയോട് ടി.എൻ പ്രതാപൻ എംപി ആവശ്യപ്പെട്ടു. കൊവിഡ് 19 ബാധിതരുടെ എണ്ണം ജില്ലയിൽ ക്രമാതീതമായി വർദ്ധിക്കുകയാണ്. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണം കൂടുകയാണ്. ഉറവിടം കണ്ടുപിടിക്കാനാകാത്ത പൊസിറ്റീവ് കേസുകൾ നാൾക്കുനാൾ വർദ്ധിക്കുന്നു. സാമൂഹിക വ്യാപനം ഉണ്ടോ എന്ന് പോലും സംശയിക്കേണ്ടിയിരിക്കുന്നു. കണ്ടെയ്ൻമെന്റ് സോണുകളിൽ പോലും എത്ര ശ്രമിച്ചിട്ടും നിയന്ത്രണം പാലിക്കാനാകുന്നില്ല. കോർപറേഷൻ പ്രദേശത്തും തീരദേശമുൾപ്പെടെയുള്ള ചില പഞ്ചായത്ത് പ്രദേശങ്ങളിലും പൊസിറ്റീവ് രോഗികളുടെ എണ്ണം ഓരോ ദിവസവും ഉയരുകയാണ്. ഈ സാഹചര്യത്തിലാണ്സമ്പൂർണ്ണ ലോക് ഡൗൺ ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കത്തയച്ചത്.