തൃശൂർ : കൊവിഡ് പൊസിറ്റീവ് കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ച സ്ഥലങ്ങൾ അടച്ചു പൂട്ടി പൊലീസ്. കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ആരെയും പുറത്തേക്ക് പോകാനോ പുറത്ത് പ്രവേശിക്കാനോ അനുവദിക്കുന്നില്ല. പ്രധാന റോഡുകളിലേക്ക് പ്രവേശിക്കുന്ന എല്ലാ വഴികളും പൊലീസ് ബാരിക്കേഡുകൾ ഉപയോഗിച്ച് അടച്ചിരിക്കുകയാണ്.
അവശ്യ സാധനങ്ങൾ വിൽപ്പന നടത്തുന്ന സ്ഥാപനങ്ങൾ മാത്രമാണ് പ്രവർത്തിക്കുന്നത്. കടകളിൽ മൂന്ന് പേരിൽ കൂടുതൽ ഒരേ സമയം നിൽക്കാൻ അനുവദിക്കില്ല. പൊതുസ്ഥലങ്ങളിൽ കൂട്ടം കൂടി നിൽക്കുന്നതും നിരോധിച്ചിട്ടുണ്ട്. കോർപറേഷൻ പരിധിയിലെ 24 മുതൽ 34 വരെയുള്ള ഡിവിഷനുകളും 41 -ാം ഡിവിഷനിലുമാണ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. കൂടാതെ ജില്ലയിൽ ഇരിങ്ങാലക്കുട, ചാവക്കാട് മുനിസിപ്പാലിറ്റികളിലെ എതാനും വാർഡുകളും തൃക്കൂർ, അവണൂർ, എങ്ങണ്ടിയൂർ, അടാട്ട്, ചേർപ്പ്, വടക്കേക്കാട് പഞ്ചായത്തുകളുമാണ് കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചിരിക്കുന്നത്.
വടക്കുന്നാഥ ക്ഷേത്രത്തിൽ പ്രവേശനമില്ല
നാളെ സമ്പൂർണ്ണ ലോക് ഡൗൺ ആയതിനാൽ വടക്കുന്നാഥ ക്ഷേത്രത്തിൽ ഭക്തർക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ലെന്ന് ദേവസ്വം മാനേജർ അറിയിച്ചു.