തൃശൂർ: കഴിഞ്ഞ ദിവസം ശുചീകരണ തൊഴിലാളികളിലും ചുമട്ടു തൊഴിലാളികളിലും രോഗം കണ്ടെത്തിയത് പൂൾ ടെസ്റ്റിംഗിലൂടെ. സമൂഹത്തിലെ വിവിധ മേഖലയിൽ ഉൾപ്പെടുന്ന 50 പേരുടെ സംഘത്തിൽ നിന്നും തെരഞ്ഞെടുത്തവരുടെ പരിശോധനയാണ് പൂൾ ടെസ്റ്റ്. ഇതിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചാൽ ബാക്കി മുഴുവൻ പേരെയും പരിശോധിക്കുകയാണ് രീതി. ശക്തൻ സ്റ്റാൻഡിലെ തൊഴിലാളികൾ, ലോറി ഡ്രൈവർമാർ, ആരോഗ്യ പ്രവർത്തകർ എന്നിവരെയാണ് പരിശോധനയ്ക്കായി തെരഞ്ഞെടുത്തത്. ആദ്യം ഒരാൾക്ക് രോഗം സ്ഥിരീകരിച്ചതോടെ ബാക്കിയുള്ളവരെയും പരിശോധനയ്ക്ക് വിധേയമാക്കി. കൂടുതൽ പേർക്ക് രോഗബാധ നിർണ്ണയിച്ചതോടെ ജില്ലയിൽ സാമൂഹിക വ്യാപന സാദ്ധ്യത തള്ളിക്കളയാനാകില്ല. അതുകൊണ്ട് പൂൾ ടെസ്റ്റും ഒപ്പം റാൻഡം പരിശോധനയും കൂടുതൽ നടത്താനാണ് ജില്ലാ ആരോഗ്യ വകുപ്പ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്.