തൃശൂർ: കുരിയച്ചിറ വെയർഹൗസിലെ ചുമട്ടുതൊഴിലാളികൾക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ജില്ലയിലെ റേഷൻ വിതരണം അവതാളത്തിലാകും. ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ (എഫ്.സി.ഐ) ഗോഡൗണുകളിൽ നിന്നും എൻ.എഫ്.എസ്.എ ഗോഡൗണുകളിലേക്കും, എൻ.എഫ്.എസ്.എ ഗോഡൗണുകളിൽ നിന്നും റേഷൻകടകളിലേക്കും വസ്തുക്കൾ വിതരണം ചെയ്യുന്നത് ബിനാമി പേരിൽ ഒരാൾ മാത്രമാണ്. അതിനാൽ കുരിയച്ചിറ ഗോഡൗണിൽ വിതരണത്തിനെത്തിയ എല്ലാ ജീവനക്കാരും ജില്ലയിലെ റേഷൻകടകളിലും ഇതര ഗോഡൗണിലും എത്താനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല.

തലപ്പിള്ളി, തൃശൂർ, മുകുന്ദപുരം, ചാലക്കുടി, കൊടുങ്ങല്ലൂർ, ചാവക്കാട് താലൂക്കുകളിലായി പ്രതിമാസം 2000 മെട്രിക് ടണോളം അരിയും ഇതര വസ്തുക്കളുമാണ് എത്തിക്കുന്നത്. ഇതിൽ കൊടുങ്ങല്ലൂർ താലുക്കിലെ ഗോഡൗണിൽ നിന്നും റേഷൻകടളിലേക്കുള്ള വാതിൽപടി വിതരണം മാത്രമാണ് മറ്റൊരാൾക്ക് നൽകിയിട്ടുള്ളത്. ബാക്കി മുഴുവൻ വാഹനകരാറും ബിനാമിയായി ഒരാൾ തന്നെയാണ് കൈകാര്യം ചെയ്യുന്നത്. ഇയാളുടെ 23 വാഹനങ്ങളിൽ 13 വാഹനങ്ങൾ ഇയാളുടെ പേരിലും ബാക്കി പത്ത് ബിനാമികളുടെ പേരിലുമാണ് സർവീസ് നടത്തുന്നത്. ജില്ലയിലെ മുഴുവൻ മേഖലയിലും വാഹനവും ജീവനക്കാരും എത്തിയത് കൊവിഡ് സാമൂഹിക വ്യാപനത്തിന് വഴി വച്ചേക്കുമോയെന്ന ആശങ്കയുണ്ട്. തുടർ നടപടികൾക്ക് എന്ത്‌ ചെയ്യണമെന്ന കാര്യത്തിൽ തലപുകയുകയാണ് ജില്ലാ പൊതുവിതരണ വകുപ്പ് ജീവനക്കാർ. പ്രതിമാസം 400ൽ അധികം ലോഡുകളാണ് കുരിയച്ചിറ വെയർഹൗസിൽ എത്തുന്നത്. വിവിധ റേഷൻകടകളിലേക്ക് അയക്കുന്നത് ഇരട്ടി ലോഡാണ്. കുരിയച്ചിറയിൽ നിന്നുള്ള വിതരണം വ്യാഴാഴ്ച്ച മുതൽ നിലച്ചിരിക്കുകയാണ്.