കയ്പമംഗലം: കയ്പമംഗലം മണ്ഡലത്തിൽ ഓൺലൈൻ ക്ലാസുകൾ ലഭ്യമല്ലാത്ത കുട്ടികൾക്കായി അംഗൻവാടികൾ, അംഗീകൃത ക്ലബ്ബുകൾ, വായനശാലകൾ എന്നിവിടങ്ങളിൽ പഠന സൗകര്യത്തിനായി ടെലിവിഷൻ വാങ്ങുന്നതിനും സംവിധാനങ്ങൾ ഉറപ്പ് വരുത്താനും ലക്ഷ്യമിട്ട് ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ ഉന്നതതല യോഗം വിളിച്ചു.
പഠനസൗകര്യം ഉറപ്പുവരുത്താൻ എം.എൽ.എ ഫണ്ട് ഉപയോഗപ്പെടുത്താമെന്ന സർക്കാർ തീരുമാനത്തെ തുടർന്നാണ് യോഗം വിളിച്ചത്. ബി.ആർ.സിയുടെ കണക്കുപ്രകാരം 150 ഓളം ടെലിവിഷനാണ് മണ്ഡലത്തിൽ വേണ്ടിവരിക.
വ്യക്തിഗത വിതരണം ഒഴിവാക്കി പഞ്ചായത്തുകൾ നിദ്ദേശിക്കുന്ന പൊതുഇടങ്ങളിലേക്കാണ് ഓൺലൈൻ സൗകര്യം ഒരുക്കുന്നത്. പഠനം നടക്കുന്ന അംഗൻവാടികളിലും മറ്റു പൊതു ഇടങ്ങളിലെയും റിപ്പോർട്ടുകൾ വാർഡ് മെമ്പർ, ആരോഗ്യ പ്രവർത്തകർ, സ്‌കൂൾ അദ്ധ്യാപകർ തുടങ്ങിയവരുടെ മേൽനോട്ടത്തിൽ ബി.ആർ.സികൾ പരിശോധിക്കും. എല്ലാ ക്ലാസ് ടീച്ചർമാരും തന്റെ കുട്ടികൾക്ക് ഓൺലൈൻ ക്ലാസുകൾ കിട്ടുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. ഏതെങ്കിലും കാരണവശാൽ ക്ലാസുകൾക്ക് തടസ്സമുണ്ടെങ്കിൽ അതും ബി.ആർ.സി യിൽ റിപ്പോർട്ട് ചെയ്യാനും യോഗത്തിൽ തീരുമാനിച്ചു.
മതിലകം ബ്ലോക്കിൽ നടന്ന യോഗത്തിൽ ബ്ലോക്ക് പ്രസിഡന്റ്് കെ.കെ. അബീദലി, പഞ്ചായത്ത് പ്രസിഡന്റുമാർ, കൊടുങ്ങല്ലൂർ എ.ഇ.ഒ എം.വി ദിനകരൻ, വലപ്പാട് എ.ഇ.ഒ ജസ്റ്റിൻ തോമസ്, മതിലകം ബി.പി.ഒ സജീവൻ തുടങ്ങിയവർ പങ്കെടുത്തു.