വാടാനപ്പിള്ളി: ഉറവിടം അറിയാതെ വാടാനപ്പിള്ളി, ഏങ്ങണ്ടിയൂർ പഞ്ചായത്തുകളിൽ കൊവിഡ് റിപ്പോർട്ട് ചെയ്യുകയും ഒരാൾ മരിക്കുകയും ചെയ്ത സാഹചര്യത്തിൽ പ്രഖ്യാപിച്ച കണ്ടെയ്ൻമെന്റ് സോണിൽ ഇന്നലെ പൊലീസ് പരിശോധനയുണ്ടായില്ല. ദേശീയ പാതയും തൃശൂർ റോഡും സംഗമിക്കുന്ന വാടാനപ്പിള്ളി ജംഗ്ഷനിൽ ഇന്നലെ ഒരു പൊലീസുകാരനെ പോലും ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്നില്ല.
പൊലീസ് സ്റ്റേഷനിൽ നിന്നും 300 മീറ്റർ മാത്രം അകലെയാണ് വാടാനപ്പിള്ളി ജംഗ്ഷൻ. അതേസമയം പഞ്ചായത്ത് റോഡുകൾ പ്രധാന പാതയുമായി ചേരുന്നിടങ്ങളിൽ ക്രോസ് ബാർ കെട്ടി അടച്ചിരുന്നു.
കണ്ടെയ്ൻമെന്റ് സോണിൽ പ്രവേശിക്കാനോ അവിടെ നിന്നും പുറത്തേക്ക് പോകാനോ പാടില്ലെന്നാണ് പൊലീസ് അറിയിപ്പ്. എന്നാൽ വാഹന സർവീസ് നിരീക്ഷിക്കാനോ നിയന്ത്രണം ഏർപ്പെടുത്താനോ പൊലീസ് ഉണ്ടായിരുന്നില്ല. രാവിലെ സർവീസ് നടത്തിയ ചില ബസുകൾ വാടാനപ്പിള്ളിയിൽ നിറുത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്തത് പഞ്ചായത്ത്, പൊലീസ് അധികൃതർ ഇടപെട്ട് തടഞ്ഞിരുന്നു. തുടർന്ന് കണ്ടെയ്ൻമെന്റ് സോണിൽ ബസ് നിറുത്തരുതെന്ന് നിർദ്ദേശം നൽകി.

എന്നാൽ പൊലീസ് പിൻവാങ്ങിയതിനു പിന്നാലെ ബസുകൾ കണ്ടെയ്ൻമെന്റ് സോണിൽ നിറുത്തി ആളുകളെ കയറ്റുകയും ഇറങ്ങാൻ അനുവദിക്കുകയും ചെയ്തു. കെ.എസ്.ആർ.ടി സി ബസുകൾ കണ്ടെയ്ൻമെന്റ് സോൺ സ്റ്റോപ്പ് ഒഴിവാക്കിയാണ് സർവീസ് നടത്തിയത്. ഓട്ടോറിക്ഷകൾ സ്റ്റാൻഡിൽ പാർക്ക് ചെയ്യാതെ സർവീസ് നടത്തി. പലവ്യഞ്ജനം, പച്ചക്കറി, മെഡിക്കൽ ഷോപ്പുകൾ ഒഴികെയുള്ള വ്യാപാര സ്ഥാപനങ്ങൾ ഒന്നും തുറന്നില്ല. വഴിയോര കച്ചവടവും ഉണ്ടായില്ല.