തൃശൂർ : സമ്പർക്കത്തിലൂടെ ഒറ്റ ദിവസം 14 പേർക്ക് കൊവിഡ് പിടിപെട്ടതോടെയുണ്ടായ ഗുരുതര സാഹചര്യം ചർച്ച ചെയ്യാൻ ചേർന്ന യോഗം, സമ്പൂർണ്ണ ലോക്ക്ഡൗൺ വേണ്ടെന്ന് തീരുമാനിച്ചു.
കൊവിഡ് ബാധിച്ച് മരിച്ച കുമാരൻ ഒഴികെയുള്ളവരുടെ രോഗബാധയുടെ ഉറവിടം കണ്ടെത്തിയതായി യോഗത്തിൽ പങ്കെടുത്ത മന്ത്രി എ.സി മൊയ്തീൻ പറഞ്ഞു. രോഗബാധിതരായ 25 പേരിൽ 14 പേർക്ക് എവിടെ നിന്നാണ് രോഗബാധയെന്ന് കണ്ടെത്താനായെങ്കിലും,രോഗവ്യാപനം ഏതൊക്കെ രീതിയിലാണെന്നത് വിശദീകരിക്കപ്പെടേണ്ടതുണ്ട്. ഇളവുകളുള്ളതിനാൽ അപ്രതീക്ഷിതമല്ല സമ്പർക്കത്തിലൂടെയുള്ള രോഗികളുടെ വർദ്ധനവെന്നും, മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് പറയുന്നു.
സെൻട്രൽ വെയർഹൗസ് ഗോഡൗണിലെ നാല് ചുമട്ട് തൊഴിലാളികൾക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് ജില്ല ഭീതിയിലായത് . സെൻട്രൽ വെയർഹൗസ് അടച്ചു. അഞ്ഞൂറോളം തൊഴിലാളികൾ ക്വാറന്റൈനിലായി. . അഞ്ച് ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ച ചാവക്കാട് താലൂക്കാശുപത്രിയും കർശന നിയന്ത്രണത്തിലായി. തൃശൂർ കോർപറേഷന്റെ ഒല്ലൂർ മേഖലാ ഓഫീസിലെ നാല് ശുചീകരണ തൊഴിലാളികളും കൊവിഡ് ബാധയിലാണ്. നഗരസഭയുടെ പ്രധാന ഓഫീസിലും മേഖല ഓഫീസിലും പൊതുജനങ്ങളെ പ്രവേശിപ്പിക്കുന്നതിൽ നിയന്ത്രണമേർപ്പെടുത്തി. ജില്ലയിൽ വാടാനപ്പിള്ളി, ഏണ്ടണ്ടിയൂർ പഞ്ചായത്തുകൾ പൂർണ്ണമായും, ചാവക്കാട് നഗരസഭയിൽ മണത്തല വില്ലേജ് ഉൾപ്പെടുന്ന പ്രദേശങ്ങളും, തൃശൂർ കോർപറേഷനിലെ 24 മുതൽ 34 വരെ ഡിവിഷനുകളും 41 ഡിവിഷനും ഹോട്ട് സ്‌പോട്ടാക്കി.
'സാമൂഹിക വ്യാപനമുണ്ടെന്ന് പറയാനാവില്ല. എന്നാൽ അനാവശ്യമായി ആളുകൾ പുറത്തിറങ്ങുന്നതിനെതിരെ നടപടി സ്വീകരിക്കും. . കണ്ടെയ്ൻമെന്റ് സോണുകളിൽ ഏഴ് ദിനമാണ് നിയന്ത്രണം '.
-മന്ത്രി എ.സി മൊയ്തീൻ