തൃശൂർ : ജില്ല ഗുരുതരാവസ്ഥയിലേക്ക് നീങ്ങുമ്പോഴും അലസ മട്ടിൽ പെരുമാറുന്നവർക്കെതിരെ കർശന നടപടിയുമായി ജില്ലാ ഭരണകൂടം. എല്ലാ നിയന്ത്രണങ്ങളും കാറ്റിൽ പറത്തുന്നുവെന്ന പരാതി ഏറിയതിനെ തുടർന്നാണ് ഇന്നലെ ചേർന്ന അവലോകന യോഗത്തിൽ നിയന്ത്രണം കർശനമാക്കാൻ തീരുമാനിച്ചത്. മന്ത്രി എ.സി മൊയ്തീന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് നിയന്ത്രണം കടുപ്പിക്കാൻ തീരുമാനിച്ചത്. കൊവിഡിനോടൊപ്പം ജില്ലയിൽ ഡെങ്കിപ്പനിയും വ്യാപകമാകുന്നതും ആശങ്ക വളർത്തുന്നുണ്ട്. അനാവശ്യ യാത്രകൾ ഇപ്പോഴും തുടരുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.

വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന

വ്യാപാര സ്ഥാപനങ്ങളിലും മറ്റ് ലോക്ഡൗൺ നിയന്ത്രണം പലതും പാലിക്കുന്നില്ല. സാനിറ്റൈസർ, ഹാൻഡ് വാഷ്, കൈകഴുകുന്നതിനുള്ള വെള്ളം സജ്ജമാണോയെന്ന് പരിശോധിക്കാൻ തിങ്കളാഴ്ച്ച മുതൽ പരിശോധന നടത്തും.

മാസ്‌ക് അലങ്കാര വസ്തുവാക്കിയാൽ നടപടി

കൊവിഡ് പ്രതിരോധത്തിന്റെ പ്രധാന സുരക്ഷാ കവചമായ മാസ്‌ക് ഉപയോഗവും പലരും തോന്നിയ പോലെ. മൂക്ക് മറക്കുന്ന തരത്തിൽ മാസ്‌ക് ധരിച്ചാൽ മാത്രമേ വൈസറസ് ബാധയിൽ നിന്ന് രക്ഷ നേടാൻ സാധിക്കൂ. പലരും ഇത് കൃത്യമായി പാലിക്കാതെയാണ് വയ്ക്കുന്നത്. മാസ്‌ക് ധരിക്കാത്തവരെയും ശരിയായ രീതിയിൽ ഉപയോഗിക്കാത്തവരെയും കണ്ടെത്തി നടപടി സ്വീകരിക്കും. ഇതിനായി പൊലീസും വാർഡ് ആർ.ആർ ടീമും ചേർന്ന് പരിശോധന നടത്തും. കുട്ടികളും പ്രായമായവരും പുറത്തിറങ്ങുന്നതും തടയും

വിവാഹത്തിന് നിയന്ത്രണം

ഹോട്ട് സ്‌പോട്ടുകളിൽ ജില്ലാ ഭരണകൂടത്തിന്റെ അനുമതിയിൽ മാത്രമേ വിവാഹം നടത്താൻ സാധിക്കൂ. കണ്ടെയ്ൻമെന്റ് സോണുകളിൽ നിന്ന് അനാവശ്യമായി പുറത്ത് പോകാൻ അനുവദിക്കില്ല.

മാർക്കറ്റ് രണ്ട് ദിവസം അടച്ചിടും

മാർക്കറ്റുകൾ അണുവിമുക്തമാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ കോർപറേഷൻ, മുനിസിപ്പാലിറ്റി പരിധിയിലെ മാർക്കറ്റുകൾ
രണ്ട് ദിവസം പൂർണ്ണമായും അടച്ചിട്ട് ശുചീകരിക്കും.


വ്യാജ സന്ദേശക്കാരെ പിടികൂടും

ആരോഗ്യ വകുപ്പിന്റെ നിർദ്ദേശം മറികടന്ന് വ്യാജ സന്ദേശം പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ പൊലീസ് നിർദ്ദേശം നൽകി. സൈബർ സെല്ലിന്റെ സഹായത്തോടെ ഇവരെ പിടികൂടി കേസെടുക്കും. പല സ്ഥലങ്ങളിലും രോഗം പടരുന്നതായി വ്യാജ സന്ദേശം പ്രചരിക്കുന്നതിന്റെ ഭാഗമായാണ് നടപടി.