തൃശൂർ: അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി നടപ്പാക്കുന്നത് ചാലക്കുടി പുഴ വരളുന്നതിനും പുഴയെ ആശ്രയിക്കുന്ന ചെറുതും വലുതുമായ ശുദ്ധജല വിതരണ പദ്ധതികളെ തകരാറിലാക്കുമെന്നും കെ.പി.എം.എസ്. ദക്ഷിണേന്ത്യയിലെ ഏറ്റവും വലുതും സുന്ദരവുമായ അതിരപ്പിള്ളി, വാഴച്ചാൽ വെള്ളച്ചാട്ടങ്ങൾ ഇല്ലാതാക്കുന്നതിനും ശേഷിക്കുന്ന പച്ചക്കാടുകൾ കൂടി അപ്രത്യക്ഷമാകുന്നതിനും കാരണമായേക്കാവുന്ന പദ്ധതി സർക്കാർ ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ടു. ഡാം നിർമ്മാണം തുടങ്ങിയാൽ വാഴച്ചാൽ, പൊകലപ്പാറ അദിവാസി കോളനികൾ പൂർണ്ണമായും ഇല്ലാതാകും. 2008ലെ വനാവകാശ നിയമപ്രകാരം വാഴച്ചാൽ അടങ്ങുന്ന പ്രദേശത്തിന്റെ അവകാശം ആദിവാസി ഊരുകൂട്ടങ്ങൾക്കാണ്. ആദിവാസി സമൂഹം ഈ പദ്ധതിക്കെതിരാണ് പാർലമെന്റ് പാസാക്കിയ വനാവകാശ നിയമത്തിന്റെ കടുത്ത ലംഘനമാണിത്. പദ്ധതിയിൽ നിന്നും സർക്കാർ പിന്തിരിയണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരങ്ങൾക്ക് നേതൃത്വം നൽകുമെന്നും കെ.പി.എം.എസ് ജില്ലാ പ്രസിഡന്റ് ലോചനൻ അമ്പാട്ടും സെക്രട്ടറി സി.എ. ശിവനും സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.