തൃശൂർ: വടക്കാഞ്ചേരി നിയോജക മണ്ഡലത്തിലെ തോളൂർ പഞ്ചായത്തിൽ നിർദ്ധന വിദ്യാർത്ഥിനികൾക്ക് സഹായഹസ്തവുമായി ഒ.ബി.സി മോർച്ച സംസ്ഥാന ഉപാദ്ധ്യക്ഷൻ റിഷി പൽപ്പു. എടക്കളത്തൂർ ശ്രീരാമചന്ദ്ര യു.പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി അനഘ സുരേന്ദ്രനും പേരാമംഗലം ശ്രീ ദുർഗ ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി അപർണ്ണ അജയനുമാണ് ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ റിഷി ടാബ്‌ലെറ്റ് എത്തിച്ചുനൽകിയത്.
വീട്ടിലെ സാമ്പത്തിക പരാധീനതകൾ കാരണം ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ സാധിക്കാതെ വിഷമിക്കുകയായിരുന്ന ഇരുവരും ഒ.ബി.സി. മോർച്ചയുടെ സഹായം തേടുകയായിരുന്നു. വരും ദിവസങ്ങളിൽ കൂടുതൽ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിന് സൗകര്യം ഒരുക്കുമെന്ന് റിഷി വ്യക്തമാക്കി. ബി.ജെ.പി നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് കെ.വി. നന്ദകുമാർ, സെക്രട്ടറി സന്ധ്യ സുധാകരൻ, പഞ്ചായത്ത് പ്രസിഡന്റ് രവി മുള്ളൂർ, ഒ.ബി.സി മോർച്ച നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് സുനീഷ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുരേഷ്, മഹിളാ മോർച്ച നിയോജക മണ്ഡലം സെക്രട്ടറി ലീന ഷാജി എന്നിവരും ടാബ് ലെറ്റ് കൈമാറൽ ചടങ്ങിൽ പങ്കെടുത്തു.