ചരക്കുവാഹനങ്ങൾ അണുമുക്തമാക്കും, ചുമതല ചുമട്ടുതൊഴിലാളികൾക്ക്

കടകളിൽ ഉപഭോക്താക്കൾക്ക് കൈ ശുചീകരണത്തിന് സംവിധാനം നിർബന്ധം

വെയർഹൗസിംഗ് ഗോഡൗണിൽ നാലിൽ കൂടുതൽ ചരക്കുവാഹനങ്ങൾ അനുവദിക്കില്ല

ചാലക്കുടി: സംസ്ഥാനത്തിന് അകത്തുനിന്നും പുറത്തുനിന്നും ചരക്കുമായി എത്തുന്ന മുഴുവൻ വാഹനങ്ങളും അണുമുക്തമാക്കാൻ നഗരസഭാ തീരുമാനം. പടിഞ്ഞാറെ ചാലക്കുടിയിലെ വെയർ ഹൗസിംഗ് ഗോഡൗണിൽ നാലിൽ കൂടുതൽ ചരക്കു ലോറികൾ ഇടുന്നത് ഒഴിവാക്കുന്നതിനും നിർദ്ദേശം നൽകി.

ചെയർപേഴ്‌സൺ ജയന്തി പ്രവീൺകുമാർ അടിയന്തരമായി വിളിച്ചുകൂട്ടിയ മർച്ചന്റ്‌സ് അസോസിയേഷൻ ഭാരവാഹികൾ, ചുമട്ടു തൊഴിലാളി പ്രതിനിധികൾ, വെയർ ഹൗസിംഗ് കോർപറേഷൻ മാനേജർ എന്നിവരുടെ സംയുക്ത യോഗത്തിലായിരുന്നു തീരുമാനം. കൊവിഡ് 19ന്റെ വ്യാപനം ഒഴിവാക്കുകയാണ് ലക്ഷ്യം.

പുലർച്ചെ മുതൽ ചന്തയിലെത്തുന്ന മുഴുവൻ വാഹനങ്ങളും അണുമുക്തമാക്കിയ ശേഷമെ ശനിയാഴ്ച മുതൽ ചരക്കിറക്കാൻ അനുവദിക്കൂ. ഇതിന്റെ ചുമതല ചുമട്ടു തൊഴിലാളികൾക്കായിരിക്കും. ഇതിനുള്ള സാമഗ്രികൾ നഗരസഭ നൽകും. ചുമട്ടു തൊഴിലാളികൾ ദൗത്യത്തിൽ നിന്നും പിന്മാറിയാൽ ചുമതല നഗരസഭാ ജീവനക്കാർക്ക് കൈമാറും.

ലോറി ഡ്രൈവർക്കു പണം നൽകുന്നതിന് മുമ്പും ശേഷവും കടയുടമകൾ സാനിറ്റൈസർ ഉപയോഗിച്ചു കൈകൾ വൃത്തിയാക്കണം. കൂടാതെ പച്ചക്കറി ഉൾപ്പെടെ എല്ലാ കടകളിലും ഉപഭോക്താക്കളുടെ കൈകൾ അണുമുക്തമാക്കുന്നതിന് സൗകര്യം ഒരുക്കാനും യോഗം തീരുമാനിച്ചു.

ഉടമകൾ സാനിറ്റൈസറും കരുതണം. വെയർ ഹൗസിൽ കെട്ടിക്കിടക്കുന്ന എല്ലാ വാഹനങ്ങളിലെയും ചരക്കുകൾ എത്രയും വേഗം ഇറക്കാനും യോഗം തീരുമാനിച്ചു. തുടർന്ന് നാല് ലോറികളെ മാത്രമായിരിക്കും ഒന്നിച്ചു പാർക്ക് ചെയ്യാൻ അനുവദിക്കുക.

വൈസ് ചെയർമാൻ വിൽസൺ പാണാട്ടുപറമ്പിൽ, നഗരസഭാ സെക്രട്ടറി എം.എസ്. ആകാശ്, ഹെൽത്ത് സൂപ്രണ്ട് ബാലസുബ്രഹ്മണ്യം, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് ജോയ് മൂത്തേടൻ, മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് ജോബി മേലേടത്ത് എന്നിവരും യോഗത്തിൽ സംബന്ധിച്ചു.