ഗുരുവായൂർ: ക്ഷേത്രത്തിൽ ദർശനം നടത്തുന്നതിന് ഭക്തർക്ക് വീണ്ടും വിലക്ക്. ക്ഷേത്ര സന്നിധിയിൽ വിവാഹം നടത്തുന്നതിനും വിലക്കേർപ്പെടുത്തി. ഗുരുവായൂരിന് സമീപ പ്രദേശങ്ങളായ ചാവക്കാട് നഗരസഭ, വടക്കേക്കാട് പഞ്ചായത്തുകളും ജില്ലയിലെ പല പ്രദേശങ്ങളും കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ക്ഷേത്രത്തിൽ ദർശനം നടത്തുന്നതിനും വിവാഹം നടത്തുന്നതിനും വീണ്ടും വിലക്കേർപ്പെടുത്തി.
ഇന്നലെ ചേർന്ന ദേവസ്വം ഭരണസമിതി യോഗമാണ് വിവാഹങ്ങളും ക്ഷേത്ര ദർശനവും നിറുത്തലാക്കാൻ തീരുമാനിച്ചത്. ഇന്നേയ്ക്ക് ബുക്ക് ചെയ്തിട്ടുള്ള രണ്ട് വിവാഹം നടത്തും. ഇതിന് ശേഷം ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ വിവാഹം അനുവദിക്കുകയില്ല. തുടർന്നുള്ള ദിവസങ്ങളിൽ വിവാഹം നടത്തുന്നതിനും ഇന്നേയ്ക്ക് ക്ഷേത്ര ദർശനത്തിനും ഓൺലൈനായി ബുക്ക് ചെയ്തിട്ടുള്ളവരെ വിവരം ഇ - മെയിലായി അറിയിക്കും. 80 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് കഴിഞ്ഞ ചൊവ്വാഴ്ച്ച മുതൽ ഭക്തർക്ക് നിയന്ത്രണങ്ങളോടെ ക്ഷേത്ര ദർശനം അനുവദിച്ചു വന്നിരുന്നത്. ഓൺലൈനായി ബുക്ക് ചെയ്യുന്ന ഭക്തർക്ക് മാത്രമായിരുന്നു ക്ഷേത്ര ദർശനം അനുവദിച്ചത്. ഈ മാസം 22 മുതൽ 27 വരെയുള്ള ദിവസങ്ങളിൽ ക്ഷേത്രത്തിൽ ഉപദേവകലശം നടത്താൻ അഡ്മിനിസ്‌ട്രേറ്റർ നൽകിയ ഉത്തരവിന് ഭരണസമിതി അംഗീകാരം നൽകി. ക്ഷേത്രത്തിലെ മണിക്കിണർ വറ്റിച്ച് വൃത്തിയാക്കുന്നതിനുള്ള തീരുമാനവും ക്ഷേത്രം മേൽശാന്തിയെ തെരഞ്ഞെടുക്കുന്നതിനായി ഈ മാസം 15 നടത്താനിരുന്ന കൂടിക്കാഴ്ച്ചയും ഇപ്പോൾ നടത്തേണ്ടതില്ലെന്ന ക്ഷേത്രം തന്ത്രിയുടെ അഭിപ്രായം ഭരണസമിതി അംഗീകരിച്ചു. ഇവ രണ്ടും മാറ്റിവെയ്ക്കാൻ ഭരണസമിതി തീരുമാനിച്ചു. ഭരണസമിതി യോഗത്തിൽ ചെയർമാൻ അഡ്വ. കെ.ബി. മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. ഭരണസമിതി അംഗങ്ങളായ എ.വി പ്രശാന്ത്, കെ. അജിത്ത്, കെ.വി ഷാജി, മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, അഡ്മിനിസ്‌ട്രേറ്റർ എസ്.വി ശിശിർ എന്നിവർ യോഗത്തിൽ സംബന്ധിച്ചു..