വരന്തരപ്പിളളി: കുറുമാലി പുഴ ഒഴുകുന്ന വനമേഖലയിൽ അടിഞ്ഞുകൂടിയ മണൽ വനം വകുപ്പ് അറിയാതെ പഞ്ചായത്ത് വേണ്ടപെട്ടവർക്ക് ലേലം ചെയ്ത് വിൽക്കാൻ ശ്രമം. നാലായിരം എം.ക്യൂബോളം വരുന്ന മണൽ 1500 എം.ക്യൂബ് എന്ന് കാണിച്ച് രണ്ടേകാൽ ലക്ഷത്തിന് ലേലം ചെയ്തു. ആരും അറിയാതെ കക്ഷിരാട്രീയ വിദ്വേഷം മറന്ന് ചില അഗങ്ങൾ നടത്തിയ നീക്കം പരാതി ഉയർന്നപ്പോൾ പുനർലേലം നടത്തി. ഇത്തവണ ലേലം കൊണ്ടത് ആറരലക്ഷത്തിന്.

ഇതിനിടെ പൊതു പ്രവർത്തകൻ വേലുപാടം സ്വദേശി ടി.എൻ. മുകുന്ദൻ വനം ഡി.എഫ്.ഒയ്ക്ക് നൽകിയ പരാതിയെ തുടർന്ന് വനം വകുപ്പ് അന്വേഷണം നടത്തി ഗ്രാമപഞ്ചായത്തിന് നോട്ടീസ് നൽകി. ഇതോടെ മണൽ നീക്കം ചെയ്യാൻ അനുവദിക്കണമെന്നാവശ്യപെട്ട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി, ജില്ലാ കളക്ടർക്ക് കത്ത് നൽകി. വേണ്ടത്ര പഠനം നടത്താതെ വനമേഖലയിൽ യന്ത്രസഹായത്തോടെ നടത്തിയ മണൽ ഘനനം ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങൾക്ക് വഴിവെക്കുമെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തകർ ആരോപിച്ചു. ഇതിനിടെ ടി.എൻ. മുകുന്ദൻ കേരള ഹൈക്കോടതിയിൽ ഹർജി നൽകി.