തൃശൂർ/ ചാവക്കാട്: കൊവിഡ് പൊസിറ്റീവ് സ്ഥിരീകരിച്ച യുവാവ് പൊതുപരിപാടികളിൽ പങ്കെടുത്തതിനെ തുടർന്ന് ഗുരുവായൂർ എം.എൽ.എ കെ.വി അബ്ദുൾ ഖാദർ ഉൾപ്പെടെയുള്ളവർ സെൽഫ് ക്വാറന്റൈനിൽ പ്രവേശിച്ചു. ചാവക്കാട് തിരുവത്ര കുഞ്ചേരിൽ തിങ്കളാഴ്ച നടന്ന ഒരു പൊതു ചടങ്ങിലാണ് എം.എൽ.എ, നഗരസഭ മുൻ ചെയർമാൻ എം.ആർ രാധാകൃഷ്ണൻ തുടങ്ങിയവർ കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായി വേദി പങ്കിട്ടത്. പരിശോധനാ ഫലം അറിഞ്ഞത് മുതൽ സെൽഫ് ക്വാറന്റൈനിൽ പ്രവേശിച്ചതായി എം.എൽ.എ അറിയിച്ചു. തിരുവത്ര സ്വദേശിയായ കൊവിഡ് ബാധിതൻ രാഷ്രീയ സാമൂഹിക മേഖലയിലുൾപ്പെടെ നിരവധി പേരുമായി സമ്പർക്കം പുലർത്തിയിട്ടുണ്ടെന്നാണ് വിവരം. അതിനിടെ ചാവക്കാട് നഗരസഭ പൂർണ്ണമായും കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെടുത്തി കളക്ടർ ഉത്തരവിട്ടു. മണത്തല വില്ലേജിൽ ഉൾപ്പെടുന്ന പ്രദേശം നേരത്തെ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചിരുന്നു. ഇതിന് പുറമേ നഗരസഭയുടെ ഗുരുവായൂർ വില്ലേജിൽ ഉൾപ്പെടുന്ന ഭൂപ്രദേശങ്ങളും ഇതിന്റെ പരിധിയിലാക്കി.
കുരിയച്ചിറയിലേത് ഇതര സംസ്ഥാനക്കാരിൽ നിന്ന്
കുരിയച്ചിറ വെയർഹൗസിലെ ബിവറേജസ് ഗോഡൗണിലെ തൊഴിലാളികൾക്ക് ഇതര സംസ്ഥാനക്കാരിൽ നിന്നും രോഗം പരന്നതാണെന്ന് തൊഴിലാളികൾ. വെയർഹൗസിലേക്ക് ബിയർ എത്തിക്കുന്നത് ഇതര സംസ്ഥാനങ്ങളിൽ നിന്നാണ്. സംസ്ഥാനത്ത് പരിമിതമായ തോതിലാണ് ബിയർ ഉദ്പാദിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ഇതര സംസ്ഥാനങ്ങളിൽ നിന്നും ഇവ എത്തിക്കുകയാണ് ചെയ്യുന്നത്. ഓൺലൈൻ മദ്യ വിതരണം തുടങ്ങിയതോടെ ബിയർ വരവും പുനരാരംഭിച്ചു. എന്നാൽ ഈ നിഗമനത്തിന് ശാസ്ത്രീയ തെളിവൊന്നും ലഭിച്ചിട്ടില്ലെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്.