കൊടുങ്ങല്ലൂർ: നഗരസഭയിൽ മാലിന്യ സംസ്കരണ സംവിധാനം ശക്തമാക്കുന്നതിന്റെ ഭാഗമായി വീടുകളിലേക്കുള്ള മാലിന്യ സംസ്ക്കരണ പ്ളാൻ്റിൻ്റെ വിതരണമാരംഭിച്ചു. എല്ലാ വീടുകളിലും ജൈവ മാലിന്യ സംസ്കരണത്തിന് ഒരു ഉപകരണമെങ്കിലും നിർബന്ധമായും ഉണ്ടായിരിക്കണമെന്നാണ് നിഷ്കർഷിക്കുന്നത്. ഇതിൻ്റെ ഭാഗമായി ആവശ്യപ്പെടുന്ന എല്ലാ വീടുകളിലും ബയോഗ്യാസ് പ്ലാൻ്റ് വിതരണം ചെയ്യുന്നു.
13 ,500 രൂപ വിലയുള്ള പ്ളാൻ്റിന് സബ്സിഡി തുക കഴിച്ച് ബാക്കി 1350 രൂപ നൽകിയാൽ മതി. ആദ്യഘട്ടത്തിൽ 500 പ്ളാൻറുകൾ നൽകും. ആദ്യ വിതരണം അസിസ്റ്റൻ്റ് എക്സി.എൻജിനിയർ മാടത്തിങ്കൽ സന്തോഷിൻ്റെ വീട്ടിൽ പ്ളാൻ്റ് നൽകി നഗരസഭ ചെയർമാൻ കെ.ആർ ജൈത്രൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.കെ രാമനാഥൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ ഹണി പീതാംബരൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും വാർഡ് കൗൺസിലറുമായ ശോഭ ജോഷി, പ്രതിപക്ഷ നേതാവ് വി.ജി ഉണ്ണിക്കൃഷ്ണൻ, ഹെൽത്ത് സൂപ്പർവൈസർ കെ.വി ഗോപാലകൃഷ്ണൻ, ഹെൽത്ത് ഇൻസ്പെക്ടർമാരായ എസ്.പി ജെയിംസ്, ഐ.വി രാജീവ്, ദിജി രാമദാസ്, ഹരിതകർമ്മ സേനാംഗങ്ങൾ എന്നിവർ പങ്കെടുത്തു.
എല്ലാ വീടുകളിലും പൈപ്പ് കമ്പോസ്റ്റ്, ബയോ വേസ്റ്റ് പോട്ടുകൾ എന്നിവയും നൽകും. സബ്സിഡി തുക കഴിച്ച് യഥാക്രമം 100 രൂപയും 155 രൂപയും നൽകിയാൽ മതി. ഈ സംവിധാനമില്ലാത്ത വീടുകൾക്ക് നഗരസഭ നോട്ടീസ് നൽകും. അജൈവ മാലിന്യങ്ങൾ നഗരസഭ നേരിട്ട് വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ശേഖരിക്കും. ഹരിതകർമ്മ സേനയാണ് ഇത് ഇപ്പോൾ ശേഖരിക്കുന്നത്. വീടുകളിൽ അടുക്കളയിൽ നിന്നും കുളിമുറിയിൽ നിന്നുമൊക്കെയുള്ള മലിനജലം കെട്ടിക്കിടക്കാതെ പിറ്റ് നിർമ്മിച്ച് അതിലേയ്ക്ക് വിടണമെന്നും ഇത് ലംഘിക്കുന്നവർക്കെതിരെ നടപടിയുണ്ടാകുമെന്നും ചെയർമാൻ പറഞ്ഞു.