തൃശൂർ: സമ്പർക്കത്തിലൂടെയുള്ള രോഗവും വൈറസ് സ്ഥിരീകരിച്ച ആരോഗ്യപ്രവർത്തകരുടെ എണ്ണവും അപ്രതീക്ഷിതമായി കൂടിയതോടെ ഭൂരിഭാഗം ജനങ്ങളും വീടുകളിൽ അടച്ചിരുന്നു. അതേസമയം, നഗരത്തിന് അടുത്തുള്ള നിയന്ത്രണ മേഖലകളിൽ ജനങ്ങൾ പുറത്തിറങ്ങുന്നത് തടയാൻ നെട്ടോട്ടമോടുകയായിരുന്നു പൊലീസ്. അത്യാവശ്യ കാര്യങ്ങൾ ചൂണ്ടിക്കാട്ടി പലരും പുറത്തിറങ്ങുന്നതിനാൽ നടപടി സ്വീകരിക്കാനുമായില്ല. ജില്ല അടച്ചിടേണ്ടെന്ന് മന്ത്രിതല യോഗത്തിൽ തീരുമാനിച്ചെങ്കിലും കടുത്ത പൊലീസ് നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയത്.
ആരോഗ്യപ്രവർത്തകർക്ക് രോഗം പടരുന്നതിനാൽ ആരോഗ്യ സ്ഥാപനങ്ങളിൽ പകുതി പേർ ജോലിക്കെത്തിയാൽ മതിയെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ നിർദ്ദേശം നൽകി. ഒരാഴ്ച ഇടവിട്ട് ജീവനക്കാർ മാറണം. ജോലിക്കെത്താത്തവർ ജനസമ്പർക്കം ഒഴിവാക്കി വീട്ടിൽ കഴിയണം. പ്രവർത്തനങ്ങൾ തടസ്സപ്പെടാത്ത തരത്തിൽ വകുപ്പ് മേധാവികൾ കാര്യങ്ങൾ ക്രമീകരിക്കാനാണ് നിർദേശം. തിങ്കളാഴ്ച മുതൽ ശുചീകരണവും ബോധവത്കരണവും ശക്തമാക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. ചൊവ്വ, ബുധൻ എന്നീ ദിവസങ്ങളിൽ മാർക്കറ്റുകൾ അടച്ചിട്ട് ശുചീകരിക്കും
വരും ദിവസങ്ങളിലും രോഗികളുടെ എണ്ണം കൂടുമെന്ന് തന്നെയാണ് ആരോഗ്യവകുപ്പിന്റെ ഉന്നത ഉദ്യോഗസ്ഥർ നൽകുന്ന സൂചന.
തൃശൂരിൽ അസാധാരണ സാഹചര്യമില്ല എന്ന് മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന അടിയന്തര യോഗത്തിൽ വിലയിരുത്തലുണ്ടായതിന് പിന്നാലെ ഏഴ് ആരോഗ്യപ്രവർത്തകർക്ക് കൂടി രോഗം സ്ഥിരീകരിച്ചിരുന്നു. ഫാർമസിസ്റ്റ്, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ, ആശാ വർക്കർ, സ്റ്റാഫ് നഴ്‌സ് , പാചകതൊഴിലാളി തുടങ്ങിയവർ രോഗബാധിതരായതോടെ മൂന്ന് ആശുപത്രികളും അടച്ചു. മൊത്തം രോഗബാധിതരായ ആരോഗ്യപ്രവർത്തകർ 20 ലേറെയാണ്.
സുരക്ഷയില്ലാതെ പൊലീസ്, എക്‌സൈസ്
അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന പ്രതികളെ പിടികൂടുന്ന പൊലീസ്, എക്‌സൈസ് ഉദ്യോഗസ്ഥർക്ക് കൊവിഡ് പ്രതിരോധ സുരക്ഷാ സൗകര്യം ഇല്ലെന്ന പരാതിയുമുണ്ട്. കഴിഞ്ഞദിവസം പൊലീസ് പിടികൂടിയ പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പി.പി.ഇ കിറ്റ് അടക്കമുള്ളവ ലഭ്യമാക്കണമെന്ന് ആവശ്യമുയരുന്നുണ്ട്. പിടിയിലാകുന്ന പ്രതികൾക്ക് കൊവിഡ് പരിശോധന നടത്താൻ യാതൊരു മുൻകരുതലുകളും ഇല്ലാതെയാണ് ആശുപത്രികളിൽ ഉദ്യോഗസ്ഥരെത്തുന്നത്. ഇതിൽ ആശുപത്രി ജീവനക്കാർക്കും പ്രതിഷേധമുണ്ട്.
കൂനിൽകുരുവായി ഡെങ്കി
മഴയിൽ കൊതുക്ശല്യം രൂക്ഷമായതോടെ ഡെങ്കിപ്പനി ബാധിതരും കൂടി. വെള്ളിയാഴ്ച വരെ 74 പേർക്ക് ഡെങ്കി റിപ്പോർട്ട് ചെയ്തു. ഇത്തരം രോഗങ്ങൾ പ്രതിരോധിക്കുന്നതിന് ജനങ്ങളുടെ ജാഗ്രത ആവശ്യമാണെന്നാണ് ആരോഗ്യവകുപ്പിന്റെ നിർദ്ദേശം. മറ്റ് പകർച്ചവ്യാധികൾ തടയാൻ കൂടിയാണ് ശുചീകരണപ്രവർത്തനം ശക്തമാക്കിയിട്ടുള്ളത്.
ആശുപത്രികളിലെ ഒരുക്കം:
ഗവ. മെഡിക്കൽ കോളേജിൽ 200 ബെഡുകൾ.
ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററായ ഇ.എസ്.ഐ ആശുപത്രിയിൽ- 80
ചെസ്റ്റ് ആശുപത്രി- 180
ചാലക്കുടി താലൂക്ക് ആശുപത്രി- 54
കൊരട്ടി ലെപ്രസി ആശുപത്രി- 100
കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി- 70