കയ്പമംഗലം: റോഡ് സൗകര്യം കുറവായ പോസ്റ്റ് ഓഫീസ് മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യമുയരുന്നു. കയ്പമംഗലം ഗവ. ഫീഷറീസ് സ്‌കൂളിന് വടക്കു വശത്ത് ടിപ്പു സുൽത്താൻ റോഡിന് പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന ബീച്ച് പോസ്റ്റ് ഓഫീസാണ് അവിടെ നിന്ന് മാറ്റി സ്ഥാപിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്ത് വന്നത്. രണ്ട് അടി വീതിയുള്ള വഴിയിലൂടെ ഞെങ്ങി ഞെരുങ്ങി വേണം ആളുകൾക്ക് പോസ്റ്റ് ഓഫീസിലെത്താൻ. റോഡിൽ നിന്ന് ഇറക്കം കൂടുതലായതിനാൽ പ്രായമായവർക്കും കുട്ടികൾക്കും ഇത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നതായി പൊതുപ്രവർത്തകനായ അനിൽ കാരയിൽ പറഞ്ഞു. തൊട്ടടുത്ത് റോഡ് സൈഡിൽ തന്നെ ന്യായമായ നിരക്കിൽ നിരവധി കെട്ടിടങ്ങൾ ഒഴിഞ്ഞ് കിടക്കുന്നുണ്ടെന്നും ഏറ്റെടുക്കാൻ നടപടികൾ സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപെട്ടു.