ഓൺലൈൻ പഠനം: രണ്ടാംഘട്ട ക്ലാസുകൾ നാളെ (ജൂൺ 15) ആരംഭിക്കും
തൃശൂർ: വിക്ടേഴ്‌സ് ചാനൽ വഴിയുള്ള രണ്ടാംഘട്ട ഓൺലൈൻ ക്ലാസുകൾ നാളെ തുടങ്ങും. അറബി, ഉർദു, സംസ്‌കൃതം ക്ലാസുകളും ആരംഭിക്കും. ജില്ലയിൽ ടി.വി ഇല്ലാത്ത വീടുകളിലുള്ളവർക്ക് പഠന സൗകര്യം ഒരുക്കിയ ശേഷമാണ് രണ്ടാംഘട്ടം ആരംഭിക്കുന്നത്. സർക്കാർ, സന്നദ്ധ, യുവജന സംഘടനകൾ വഴി ആവശ്യമായ സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
ട്രയൽ അടിസ്ഥാനത്തിൽ സംപ്രേഷണം ചെയ്ത ക്ലാസുകൾ മുഴുവൻ കുട്ടികൾക്കും കാണാൻ അവസരം ഒരുക്കിയിരുന്നു. നാളെ മുതൽ വിവിധ ക്ലാസുകൾക്ക് നേരത്തെ അറിയിച്ചിട്ടുള്ള സമയക്രമത്തിൽ തന്നെ പുതിയ ക്ലാസുകൾ സംപ്രേഷണം ചെയ്യും. ആദ്യ ക്ലാസുകൾക്ക് മികച്ച പ്രതികരണമാണ് കുട്ടികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും പൊതു സമൂഹത്തിൽ നിന്നും ലഭിച്ചതെന്ന് കൈറ്റ്, സി.ഇ.ഒ അൻവർ സാദത്ത് അറിയിച്ചു. കൈറ്റ് വിക്ടേഴ്‌സ് ചാനലിന് പുറമെ ഫേസ്ബുക്കിൽ victerseduchannel ൽ ലൈവായും, യൂറ്റ്യൂബിൽ itsvicters വഴിയും ക്ലാസുകൾ കാണാം.
തിങ്കൾ മുതൽ വെള്ളി വരെയുള്ള ക്ലാസുകളിൽ ഓരോ ദിവസവും പത്തും പന്ത്രണ്ടും ക്ലാസുകളുടെ പുനഃസംപ്രേഷണം നടക്കും. ഒന്നു മുതൽ ഒമ്പതുവരെ ക്ലാസുകൾക്ക് നിലവിലുള്ളതു പോലെ ശനി, ഞായർ ദിവസങ്ങളിലാണ് പുനഃസംപ്രേഷണം. പുനഃസംപ്രേഷണ സമയത്ത് കാണാൻ കഴിയാത്ത കുട്ടികൾക്ക് പിന്നീട് വെബിൽ നിന്നും ഓഫ് ലൈനായി ഡൗൺലോഡ് ചെയ്തും ക്ലാസുകൾ കാണാം. തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിലെ വിഷയാധിഷ്ഠിത ടൈംടേബിൾ കൈറ്റ് വെബ്‌സൈറ്റിൽ (www.kite.kerala.gov.in) ലഭ്യമാണ്.