kadhalichira
നവീകരണം തുടങ്ങിയ ആളൂർ പഞ്ചായത്തിലെ കദളിച്ചിറ.

ആളൂർ: വർഷങ്ങളായി പായലും, ചണ്ടിയും, ചളിയും നിറഞ്ഞ് കിടന്ന ആളൂരിന്റെ ജലപത്തായമെന്നറിയപ്പെടുന്ന കദളിച്ചിറക്ക് ശാപമോക്ഷം. ലിഫ്റ്റ് ഇറിഗേഷനും, ശുദ്ധജല സംവിധാനവുമുള്ള ഈ ചിറയുടെ നവീകരണത്തിന് ജില്ലാ പഞ്ചായത്ത് 10 ലക്ഷം രൂപയും, ആളൂർ പഞ്ചായത്തും ചേർന്ന് 20 ലക്ഷം രൂപയുടെ നവീകരണമാണ് ഇപ്പോൾ നടത്തുന്നത്. ശുചീകരണമില്ലാതെ കദളിച്ചിറ നാശത്തിലേക്ക് എന്ന തലക്കെട്ടോടെ കേരളാകൗമുദി വാർത്ത നൽകിയിരുന്നു.

ആറു വർഷം മുൻപാണ് കദളിച്ചിറ വൃത്തിയാക്കിയത്. വെള്ളത്തിനു മേൽ പുല്ല് പിടിച്ചു സൂര്യപ്രകാശമേൽക്കാതെ കിടക്കുന്നതിനാൽ പോത്തട്ടകളും ധാരാളമുണ്ടായിരുന്നു. മേഖലയിലെ പ്രധാന കുടിവെള്ള സ്രോതസായ ഈ ജല സംഭരണിയിൽ നിന്നാണ് ആളൂർ, കൊടകര പഞ്ചായത്തുകളിലെ വിവിധ മേഖലയിലേക്ക് ശുദ്ധജലം വിതരണം ചെയ്യുന്നത്. ശുചീകരണമില്ലാത്തതിനാൽ പുല്ലും പാഴ്‌ചെടികളും വളർന്ന് മൈതാനം കണക്കെ കിടക്കുകയായിരുന്നു.

വൃത്തിയാക്കി വീണ്ടെടുത്താൽ ആളൂർ പഞ്ചായത്തിലെ ശുദ്ധജല വിതരണത്തിന് ആവശ്യമായ മുഴുവൻ വെള്ളവും ഇവിടെ നിന്ന് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ. ഉറുമ്പൻ കുന്നിൽ സ്ഥാപിച്ചിട്ടുള്ള ജലസംഭരണിയിലേക്ക് പമ്പുചെയ്യുന്ന വെള്ളം കൊമ്പൊടിഞ്ഞാമാക്കൽ, ആനത്തടം, എടത്താടൻ കവല, ഉറുമ്പൻകുന്ന്, ആളൂർ ജംഗ്ഷൻ എന്നിവിടങ്ങളിൽ വിതരണം ചെയ്യുന്നുണ്ട്. വേനൽക്കാലത്ത് രാവിലെ ആറ് മുതൽ ഉച്ചയ്ക്കുശേഷം രണ്ടു വരെയാണ് ഇവിടെ പമ്പിംഗ് നടത്തുന്നത്. ചാലക്കുടി നഗരസഭയുടെ അതിർത്തി പ്രദേശത്തേക്കും ഈ കുടിവെള്ള പദ്ധതിയിലൂടെ വെള്ളം എത്തിക്കുന്നുണ്ട്.

............................................

ഇടിഞ്ഞു കിടന്നിരുന്ന ഒരു വശം ഭിത്തി കെട്ടി സംരക്ഷിക്കാനും ഭാഗികമായി നവീകരിക്കുന്നതിനുമാണ് പദ്ധതി.
നാല് ഏക്കറോളം വലിപ്പമുള്ള ചിറ വർഷം തോറും ശുചീകരിക്കും. പദ്ധതിയിൽ ഉൾപ്പെടുത്തി കെട്ടി തുടർ സംരക്ഷണം നൽകും.

- സന്ധ്യാ നൈസൺ (ആളൂർ പഞ്ചായത്ത് പ്രസിഡന്റ്)