തൃശൂർ: ചെറുകിട പദ്ധതികളാണ് വൈദ്യുതി ഉത്പാദനത്തിനായി ഉപയോഗിക്കേണ്ടതെന്നും ആരൊക്കെ ശ്രമിച്ചാലും അതിരപ്പിളളി പദ്ധതി നടപ്പാക്കാൻ സമ്മതിക്കില്ലെന്നും യു.ഡി.എഫ് കൺവീനർ ബെന്നി ബെഹ്നാൻ എം.പി. അതിരപ്പിള്ളി പദ്ധതി നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് കെ.എസ്.യു ജില്ല കമ്മിറ്റി നടത്തിയ ലോംഗ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വനംമന്ത്രി രാജു അതിരപ്പിള്ളി പദ്ധതിക്ക് എതിരാണ് എന്ന് പറയുമ്പോഴും മുഖ്യമന്ത്രിയുടെ അഭിപ്രായം മറിച്ചാണ്. ആദിവാസി മേഖലയിൽ ഒരു കാരണവശാലും പദ്ധതി കൊണ്ടുവരാൻ കഴിയില്ല. ജൈവസമ്പത്തിന്റെ ഉറവിടമായ അതിരപ്പിള്ളിയെ തകർക്കാൻ പിണറായി വിജയൻ ശ്രമിക്കരുതെന്നും ബെന്നി ബെഹന്നാൻ പറഞ്ഞു. ജില്ലാ പ്രസിഡന്റ് മിഥുൻ മോഹൻ അദ്ധ്യക്ഷനായി.
യൂത്ത് കോൺഗ്രസ് അഖിലേന്ത്യ കോ- ഓർഡിനേറ്റർ ഷോൺ പല്ലിശ്ശേരി ഫ്‌ലാഗ് ഓഫ് ചെയ്തു. പരിയാരം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ബിജു കാവുങ്ങൽ, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുബിൻ, ജില്ലാ പ്രസിഡന്റ് ഒ.ജെ. ജനീഷ് , സജീർ ബാബു, അതിരപ്പിള്ളി കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മുരളി, ദിവാകരൻ, ജില്ല ഭാരവാഹികളായ എ.എസ്. ശ്രീജിൽ, വൈശാഖ് വേണുഗോപാൽ, ഹക്കീം മാമ്പ്ര, പ്രിൻസ് ഫ്രാൻസിസ്, യദു കഷ്ണ, വിഷ്ണു ചന്ദ്രൻ , ദിൽസ, മെജോ, ആസിഫ്, ഗണേഷ് ആറ്റൂർ, ഘനശ്യം എന്നിവർ നേതൃത്വം നൽകി.