എരുമപ്പെട്ടി: കടങ്ങോട് തെക്കുമുറി കോക്കപ്പറമ്പിൽ ഉണ്ണിക്കൃഷ്ണനും കുടുംബത്തിനും സുരക്ഷിതമായി കഴിയാൻ വീടൊരുങ്ങി. സി.പി.എം കടങ്ങോട് ലോക്കൽ കമ്മിറ്റിയാണ് നിർദ്ധന കുടുംബത്തിന് വീട് നിർമ്മിച്ച് നൽകിയത്. ഓലയും, ഷീറ്റും ഉപയോഗിച്ച് നിർമ്മിച്ച ഒറ്റമുറി കുടിലിലാണ് ഉണ്ണിക്കൃഷ്ണനും ഭാര്യയും മുതിർന്ന രണ്ട് പെൺമക്കളും മകനും അടങ്ങുന്ന കുടുംബം കഴിഞ്ഞിരുന്നത്. മഴപെയ്താൽ ചോർന്നൊലിക്കുന്ന കുടിൽ കാറ്റടിച്ചാൽ നിലംപൊത്താവുന്ന അവസ്ഥയിലായിരുന്നു.
അടച്ചുറപ്പില്ലാത്ത ഈ കൂരയിൽ കഴിഞ്ഞിരുന്ന ഇവരുടെ ജീവിതം ദുരിതപൂർണ്ണമായിരുന്നു. ഇത് കണ്ടറിഞ്ഞ സി.പി.എം പ്രവർത്തകർ ഇവർക്ക് വീട് നിർമ്മിച്ച് നൽകാൻ തയ്യാറാകുകയായിരുന്നു. നാട്ടിലെ ഉദാരമതികളുടെ സഹകരണത്തോടെ 580 ചതുരശ്ര അടി വിസ്തീർണ്ണമുള്ള മനോഹരമായ വീടാണ് നിർമ്മിച്ച് നൽകിയത്. ലളിതമായ ചടങ്ങിൽ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീൻ വീടിന്റെ താക്കോൽദാനം നിർവ്വഹിച്ചു.
ഭവന രഹിതരായ നിർദ്ധന കുടുംബങ്ങൾക്ക് വീട് നിർമ്മിച്ച് നൽകാൻ സി.പി.എം പാർട്ടിയും സംസ്ഥാന സർക്കാരും നിരവധി പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ടെന്നും സമ്പൂർണ്ണ പാർപ്പിട പദ്ധതി നടപ്പിലാക്കുന്ന ഇന്ത്യയിലെ ഏക സംസ്ഥാനം കേരളമാണെന്നും മന്ത്രി പറഞ്ഞു. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം സേവ്യാർ ചിറ്റലപ്പിള്ളി അദ്ധ്യക്ഷനായി. ഏരിയ കമ്മിറ്റി സെക്രട്ടറി പി.എൻ. സുരേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ എസ്. ബസന്ത് ലാൽ, എ.വി. സുമതി, പഞ്ചായത്ത് പ്രസിഡന്റ് രമണി രാജൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ പി.എസ്. പ്രസാദ്, കെ.ഡി. ബാഹുലേയൻ മാസ്റ്റർ, എം.ടി. വേലായുധൻ മാസ്റ്റർ, യു.വി. ഗിരീഷ്, പി.എസ്. പുരുഷോത്തമൻ പങ്കെടുത്തു.