പാവറട്ടി: കൊച്ചിൻ ഫ്രോണ്ടിയർ തോട് കടവല്ലൂർ മുതൽ രണ്ടു കിലോമീറ്റർ ദൂരം മണ്ണും മറ്റ് തടസ്സകളും നീക്കുന്ന പ്രവൃത്തി എളവള്ളി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പൂർത്തിയാകുന്നു. എളവള്ളി പഞ്ചായത്ത് മൂന്ന് ലക്ഷം രൂപയും മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് രണ്ടു ലക്ഷം രൂപയും പ്രവൃത്തിക്കായി വകയിരുത്തിയിട്ടുണ്ട്. ഹിറ്റാച്ചിയും ബാർജറും ഉപയോഗിച്ചാണ് തോട്ടിലെ തടസം നീക്കുന്നത്. ഇതോടെ മഴക്കാലത്തെ വെള്ളക്കെട്ടിന് പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്നതായി പഞ്ചായത്ത് പ്രസിഡന്റ് യു.കെ. ലതിക പറഞ്ഞു.
മഴക്കാലത്തിന് മുമ്പ് കൊച്ചിൻ ഫ്രോണ്ടിയർ തോടിന്റെ തടസം നീക്കാൻ എളവള്ളി പഞ്ചായത്ത് തയ്യാറാകാതിരുന്നതിൽ ദുരൂഹതയുണ്ടെന്ന് എളവള്ളി കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സി.ജെ. സ്റ്റാൻലി ആരോപിച്ചു. കുന്നംകുളം ഭാഗത്ത് നിന്നാരംഭിക്കുന്ന കൊച്ചിൻ ഫ്രോണ്ടിയർ തോടിന്റെ മറ്റ് ഭാഗങ്ങൾ അതത് പ്രദേശത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മഴയ്ക്ക് മുമ്പേ വൃത്തിയാക്കിയെന്നും കോൺഗ്രസ് കമ്മിറ്റി പറഞ്ഞു.