കൊടുങ്ങല്ലൂർ: താലൂക്ക് ആശുപത്രി കൊവിഡ് രോഗികള്‍ക്ക് മാത്രമാക്കിയെന്ന പ്രചാരണം സാമൂഹികമാദ്ധ്യമങ്ങളിൽ മറ്റും നടത്തുന്നവരുടെ മേൽ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വ. വി.ആർ. സുനിൽകുമാർ എം.എൽ.എ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. മറ്റ് താലൂക്ക് ആശുപത്രികളെ പോലെ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലും ഒരു ഭാഗം സുരക്ഷിത മാനദണ്ഡം ഒരുക്കി കൊവിഡ് രോഗികള്‍ക്കായി മാറ്റുക മാത്രമാണ് ചെയ്തത്.
ഒ.പി വിഭാഗമെല്ലാം സാധാരണ പോലെ തന്നെ തുടരുന്നുണ്ട്. തൃശൂര്‍ മെഡിക്കല്‍ കോളേജിലും ചാലക്കുടി ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രികളിലും ഇത് നടപ്പിലാക്കി കഴിഞ്ഞിരിക്കുന്നു. മറ്റ് ആശുപത്രികളിൽ ഐ.പിയും ഒ.പിയും തുടരുന്നുണ്ടെങ്കിലും കൊടുങ്ങല്ലൂര്‍ താലുക്ക് ആശുപത്രിയിലെ കിടപ്പ് രോഗികളെ സൗകര്യാർത്ഥം മറ്റ് ആശുപത്രികളിലാണ് കിടത്തി ചികിത്സിക്കുന്നത്. ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കുമുള്ള ഒ.പിയും ഐ.പിയും മെഡികെയര്‍ ആശുപത്രിയിലും മറ്റ് രോഗികളുടെ ഐ.പി, ഒ.കെ ആശുപത്രിയിലും പൊയ്യ പി.എച്ച്.സിയിലും സജ്ജമാക്കിയിട്ടുണ്ട്. എല്ലാ ഒ.പികളും നിലവിലെ പോലെ തന്നെ താലൂക്ക് ആശൂപത്രിയില്‍ തന്നെ തുടരുന്നതാണ്. ചിലർ സാമൂഹിക മാദ്ധ്യമങ്ങളിലൂടെയും മറ്റും കൊടുങ്ങല്ലൂർ നഗരത്തെ പ്രതിസന്ധിയിലാക്കുന്ന വിധത്തിൽ കച്ചവട സ്ഥാപനങ്ങൾ അടയ്ക്കേണ്ടി വരുമെന്നും ഗതാഗതം തടയപ്പെടുമെന്നും തുടങ്ങി ജനങ്ങളെ പരിഭ്രാന്തിയിലാക്കുന്ന വിധത്തിലുള്ള പ്രചരണം നടത്തുകയാണ്. സൈബർ സെല്ലിന്റെ സഹായത്തോടെ കണ്ടുപിടിച്ച് കർശന നിയമ നടപടി സ്വീകരിക്കുമെന്നും എം.എൽ.എ പറഞ്ഞു.