തൃശൂർ : കഴിഞ്ഞ എതാനും ദിവസമായി ജില്ലയിൽ വർദ്ധിച്ച് വരുന്ന കൊവിഡ് രോഗികളുടെ എണ്ണം കണക്കിലെടുത്ത് ഇന്ന് മുതൽ കർശന നടപടികളിലേക്ക് ജില്ലാ ഭരണകൂടം തിരിയുന്നു. ഇതിന്റെ ഭാഗമായി ഇന്ന് മുതൽ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തും. ലോക്ഡൗൺ നിർദ്ദേശം പല വ്യാപാര സ്ഥാപനങ്ങളും നടപ്പിലാക്കുന്നില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ആരോഗ്യ വകുപ്പ് അധികൃതരും പൊലീസും വാർഡ് തല കമ്മിറ്റികളും ചേർന്ന് പരിശോധന നടത്തുന്നത്. നിർദ്ദേശം പാലിക്കാത്തവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നാളെയും മറ്റെന്നാളും ജില്ലയിലെ മാർക്കറ്റുകൾ അണുവിമുക്തമാക്കാൻ അടച്ചിടും. റോഡരികിൽ അനധികൃതമായി പാർക്ക് ചെയ്തിരിക്കുന്ന ചരക്ക് ലോറികളും മറ്റും നീക്കണമെന്ന നിർദ്ദേശവും നൽകിയിട്ടുണ്ട്..