തൃശൂർ : കൊവിഡ് കാലത്ത് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചവരുടെ മൃതദേഹം പോസ്റ്റ് മോർട്ടം കഴിഞ്ഞ് ബന്ധുക്കൾക്ക് വിട്ടുകിട്ടണമെങ്കിൽ ദിവസങ്ങളോളം കാത്ത് നിൽക്കേണ്ടി വരുന്ന വിഷയത്തിൽ നടപടി വേണമെന്ന ആവശ്യം ശക്തം. കഴിഞ്ഞ ദിവസം വിഷം ഉള്ളിൽച്ചെന്ന് മരിച്ച പീച്ചി സ്വദേശി പള്ളിപ്പുറത്ത് മോഹനന്റെ മൃതദേഹം ഏറെ ഇടപെടലുകൾക്ക് ശേഷമാണ് ഇന്നലെ പോസ്റ്റ്മാർട്ടം കഴിഞ്ഞ് ബന്ധുക്കൾക്ക് ലഭിച്ചത്. ഒമ്പതിനാണ് മോഹനൻ മരിച്ചത്. തുടർന്ന് പീച്ചി പൊലീസ് മേൽനടപടികൾ പൂർത്തിയാക്കി പോസ്റ്റ് മോർട്ടത്തിന് നൽകിയെങ്കിലും മെഡിക്കൽ കോളേജിലെ ശീതസമരം മൂലം നാലു ദിവസത്തോളം മോർച്ചറിയിൽ സൂക്ഷിക്കുകയായിരുന്നു. മകൻ പരാതിയുമായി രംഗത്ത് വന്നതോടെ ഇന്നലെ പോസ്റ്റ്മോർട്ടം കഴിഞ്ഞ് മൃതദേഹം വിട്ടുകിട്ടി. കൊവിഡ് ടെസ്റ്റിനായി സ്രവം ശേഖരിക്കാൻ ചുമതലയുള്ള ഡോക്ടർ കാണിച്ച വീഴ്ചയ്ക്കെതിരെ നടപടി വേണമെന്നാണ് ആവശ്യം. പോസ്റ്റ്മോർട്ടം നടപടി വേഗത്തിലാക്കണമെന്ന ജില്ലാ കളക്ടർ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ എന്നിവരുടെ നിർദ്ദേശം പാലിക്കുന്നില്ല
പ്രിൻസിപ്പലിന്റെ നിർദ്ദേശം
ആശുപത്രിയിൽ ചികിത്സയിലിരിക്കുന്നവർ അസ്വാഭാവികമായ രീതിയിൽ മരിച്ചാൽ അവരെ പരിചരിച്ചിരുന്ന ഡോക്ടർ മരിച്ചയാളുടെ സ്രവം കൊവിഡ് പരിശോധനയ്ക്കായി ശേഖരിക്കണം. ഇത് ബന്ധപ്പെട്ട വകുപ്പ് മേധാവികൾ ഉറപ്പ് വരുത്തണം
.....
മൃതദേഹങ്ങളോട് അനാദരവ് കാണിക്കുകയാണ് മെഡിക്കൽ കോളേജ് അധികൃതർ ചെയ്യുന്നത്. പോസ്റ്റ്മോർട്ടത്തിനായി കൊണ്ടു വരുന്ന മൃതദേഹങ്ങൾ നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഉടൻ ബന്ധുക്കൾക്ക് വിട്ടുകൊടുക്കണം
രാജേന്ദ്രൻ അരങ്ങത്ത്
ഡി.സി.സി വൈസ് പ്രസിഡന്റ്