തൃശൂർ: കളക്ടറേറ്റ് ഉൾപ്പെടെയുള്ള സിവിൽ സ്റ്റേഷൻ കെട്ടിടത്തിലെ ഓഫീസുകളിൽ സന്ദർശകർക്ക് ഇന്ന് മുതൽ കർശനമായ നിയന്ത്രണം ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ എസ്. ഷാനവാസ് അറിയിച്ചു. ഉദ്യോഗസ്ഥർക്ക് തിരിച്ചറിയൽ കാർഡ് കാണിച്ച് മാത്രമേ അകത്തേയ്ക്കുള്ള പ്രവേശനം ഉണ്ടായിരിക്കുകയുള്ളൂ. എല്ലാ ഓഫീസുകളിലും പകുതി ജീവനക്കാർ മാത്രം ഹാജരായാൽ മതി. ഇക്കാര്യം അതത് ഓഫീസ് മേധാവികൾ ക്രമീകരിക്കണം. ഏറ്റവും അത്യാവശ്യമായ കാര്യങ്ങൾക്ക് മാത്രമായി പൊതുജനങ്ങളുടെ പ്രവേശനം പരിമിതപ്പെടുത്തും. പൊതുജനങ്ങൾ ഓഫീസിൽ നേരിട്ട് വരാതെ ഇ-മെയിൽ (tsrcoll.ker@nic.in), വാട്സ് ആപ് (നമ്പർ - 9400044644), ടെലിഫോൺ (0487-2360130) എന്നീ മാർഗ്ഗങ്ങൾ സ്വീകരിക്കണം. സിവിൽ സ്റ്റേഷനിൽ വരുന്ന പൊതുജനങ്ങൾ തിരിച്ചറിയൽ രേഖ ഹാജരാക്കണം. എല്ലാവരുടെയും പേരും മറ്റ് വിവരങ്ങളും പ്രത്യേക രജിസ്റ്ററിൽ രേഖപ്പെടുത്തും. എല്ലാവർക്കുമായി തെർമൽ സ്ക്രീനിംഗ് സംവിധാനം താഴത്തെ നിലയിലെ പ്രവേശന കവാടത്തിൽ ഏർപ്പെടുത്തും. നിർദ്ദേശങ്ങൾ കർശനമായി നടപ്പിലാക്കാനുള്ള ചുമതല റവന്യൂ, പൊലീസ്, ആരോഗ്യവകുപ്പ് ജീവനക്കാർക്ക് നൽകിയിട്ടുണ്ടെന്നും ജില്ലാ കളക്ടർ അറിയിച്ചു.