കോടാലി: വിദ്യാഭ്യാസ വകുപ്പിന്റെ ഓൺലൈൻ റെഗുലർ ക്ലാസ് ആരംഭിക്കുമ്പോഴും ആശങ്കയൊഴിയാതെ ഒരു വിഭാഗം വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും. ടി.വി ചാനലോ മൊബൈൽ റെഞ്ച് കവറേജോ ലഭിക്കാത്തതാണ് പ്രതിസന്ധിയിലാക്കുന്നത്. മറ്റത്തൂർ പഞ്ചായത്തിലെ ആഞ്ചാം വാർഡിലെ മുപ്ലി, ഒമ്പതാം വാർഡിലെ നായാട്ടുകുണ്ട്, ചൊക്കന, കാരിക്കടവ് തുടങ്ങിയ മലയോര പ്രദേശങ്ങളിലെ 300 ഓളം കുട്ടികൾക്കാണ് അടിസ്ഥാനസൗകര്യമില്ലാത്തത്. ഇവിടെ വളരെ കുറച്ച് വിദ്യാർത്ഥികൾക്ക് മാത്രമാണ് ഡിഷ് ടിവി സൗകര്യമുള്ളത്. പ്രദേശങ്ങളിൽ നെറ്റ് സൗകര്യമോ കേബിളോ എത്തിയിട്ടില്ല. ഭൂരിഭാഗം കുട്ടികൾക്കും ടിവിയോ സ്മാർട്ട് ഫോണോ ഇല്ല. സ്മാർട്ട് ഫോൺ നൽകിയാലും റേഞ്ച് ഇല്ല. വിവിധ സ്‌കൂളുകളിലായി ഒന്ന് മുതൽ പ്ലസ് ടു വരെയുള്ള കുട്ടികൾ ഇവിടെയുണ്ട്. കന്നാറ്റുപാടം ഗവ. സ്‌കൂൾ, മുപ്ലിയം സ്‌കൂൾ, മൂന്നുമുറി എസ്‌കെ. എച്ച്. എസ്, വെള്ളിക്കുളങ്ങര പി.സി.ജി എച്ച്. എസ്, ചെമ്പൂച്ചിറ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾ പഠിക്കുന്നത്. കോൺഗ്രസ് മറ്റത്തൂർ മണ്ഡലം പ്രസിഡന്റ് കെ.ആർ ഔസേപ്പിന്റെ നേതൃത്വത്തിൽ കമ്മിറ്റി രൂപീകരിച്ച് എം.പി ടി.എൻ. പ്രതാപന് നിവേദനം നൽകി. ബി.എസ്.എൻ.എൽ അധികൃതരോട് ആവശ്യപ്പെട്ടതിനെ തുടർന്ന് ഡിവിഷണൽ മാനേജർ ഉൾപ്പെടെയുള്ളവർ സ്ഥലം സന്ദർശിച്ചിരുന്നു.
40 അടി ഉയരമുള്ള ടവർ സ്ഥാപിക്കണമെന്നും അതിന് സാമ്പത്തിക സഹായം ആവശ്യമാണെന്നുമാണ് അവരുടെ അഭിപ്രായം. ടവറിനുള്ള സ്ഥലം നാട്ടുകാർ കണ്ടെത്തി നൽകാമെന്നും അറിയിച്ചിട്ടുണ്ട്. കാൽനടയായും സൈക്കിളിലുമായി ഏറെ ദൂരം സഞ്ചരിച്ചാലേ സ്‌കൂളിലെത്താനാകൂ. പലപ്പോഴും വഴികളിൽ വന്യമൃഗ ശല്യവുമുണ്ട്. എത്രയും വേഗം ടവർ സ്ഥാപിച്ച് കുട്ടികളുടെ വിദ്യാഭ്യാസത്തിന് അനുകൂല സാഹചര്യം ഒരുക്കണമെന്നതാണ് ആവശ്യം.
..........
വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥിന്റെ മണ്ഡലത്തിൽ ഓൺലൈൻ വിദ്യാഭ്യാസം സാദ്ധ്യമാക്കാതെ കേരളത്തിൽ തിങ്കളാഴ്ച മുതൽ റെഗുലർ ഓൺലൈൻ വിദ്യാഭ്യാസം ആരംഭിക്കുന്നത് പ്രഹസനമാണ്. എത്രയും വേഗം കുട്ടികൾക്ക് ഓൺലൈനിലൂടെ ക്ലാസുകൾ ലഭിക്കുന്നതിനുള്ള സൗകര്യം ഒരുക്കണം.
കെ.ആർ. ഔസേപ്പ്
മറ്റത്തൂർ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്
.........
സാംസ്‌കാരിക നിലയങ്ങൾ, അംഗൻവാടികൾ പോലുള്ള പൊതുകേന്ദ്രങ്ങളിൽ ഓൺ ലൈൻ സംവിധാനം ഒരുക്കി ലാപ് ടോപിലൂടെ വിദ്യാർത്ഥികൾക്ക് ക്ലാസുകൾ നൽകാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഓരോ സെന്ററിലും രണ്ട് അദ്ധ്യാപകരെ വീതം ഏർപ്പെടുത്തി പഞ്ചായത്തിന്റെ കീഴിൽ 45 സെന്ററുകൾ ഒരുക്കിയിട്ടുണ്ട്. എല്ലാ കുട്ടികൾക്കും വിദ്യാഭ്യാസത്തിനുള്ള സൗകര്യം ലഭിക്കും
പി.എസ്. പ്രശാന്ത്
ചെയർമാൻ
മറ്റത്തൂർ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ........