തൃശൂർ: അവിണിശേരിയിലെ പുറമ്പോക്കിൽ കഴിയുന്ന തുമ്പിയെന്ന നിവേദ്യയ്ക്ക് വീടൊരുങ്ങി. താത്കാലിക സംവിധാനമെന്ന നിലയിൽ ആദ്യഘട്ടത്തിൽ നിവേദ്യയെയും സംരക്ഷകരായ അച്ഛച്ഛനെയും അച്ഛമ്മയെയും വാടക വീട്ടിലേക്കു മാറ്റും. തുടർന്ന് സ്ഥിരം വീടിനുള്ള നടപടികൾ ജില്ലാ ഭരണകൂടം കൈക്കൊള്ളും.

ഗവ. ചീഫ് വിപ്പ് അഡ്വ. കെ. രാജൻ, സ്ഥലം എം .എൽ.എ ഗീത ഗോപി, ജില്ലാ കളക്ടർ എസ്. ഷാനവാസ് തുടങ്ങിയവർ നിവേദ്യയുടെ തകർന്നു വീഴാറായ കൂര സന്ദർശിച്ചു വിവരങ്ങളാരാഞ്ഞു.

നിവേദ്യയുടെ കാര്യങ്ങൾ അന്വേഷിച്ച് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്റെ ഫോൺ കോളുമെത്തി. നിവേദ്യക്ക് പുതിയ വീട് നൽകാമെന്ന മന്ത്രിയുടെ വാക്കുകൾ നിറകണ്ണുകളോടെ നിവേദ്യ കേട്ടു. മൂന്ന് വർഷം മുമ്പ് കുടുംബത്തിലുണ്ടായ ദുരന്തങ്ങളാണ് നിവേദ്യയെന്ന തുമ്പിയുടെ ജീവിതം അരക്ഷിതമാക്കിയത്. വൃദ്ധരായ അച്ഛച്ഛന്റെയും അച്ഛമ്മയുടെയും സംരക്ഷണയിലാണ് തുമ്പി കഴിയുന്നത്. പെരിഞ്ചേരി എ.യു.പി സ്‌കൂളിലെ ആറാം തരം വിദ്യാർത്ഥിനിയാണ് . ജില്ലാ ഭരണകൂടവും സർക്കാരും ഇടപെട്ടതോടെ തുമ്പിക്ക് സുരക്ഷിതത്വത്തിന്റെ തണലൊരുങ്ങി.