ഒല്ലൂർ: കോർപറേഷൻ ഒല്ലൂർ ഡിവിഷൻ കണ്ടെയ്ൻമെന്റ് സോണായതോടെ മേഖലയിലെ ഗ്യാസ് വിതരണ തൊഴിലാളികൾ ആശങ്കയിൽ. 30 ഓളം വരുന്ന ഗ്യാസ് വിതരണ തൊഴിലാളികൾ പ്രത്യേക സുരക്ഷയൊന്നും ഇല്ലാതെയാണ് വിതരണം നടത്തുന്നത്. വീടുകളിൽ ആരെങ്കിലും നിരീക്ഷണത്തിൽ കഴിയുന്നുണ്ടെങ്കിലും വിതരണത്തിന് ശേഷം മാത്രമെ ഇക്കാര്യം അറിയൂ.
ഗ്യാസ് സിലിണ്ടർ കൈമാറുമ്പോഴും പണം കൈപ്പറ്റുമ്പോഴും ഒരു സുരക്ഷിതത്വവും വിതരണക്കാർ നൽകുന്നില്ലെന്നാണ് വിതരണക്കാരുടെ പരാതി. ഇത്തരക്കാർക്ക് പ്രത്യേക ടെസ്റ്റുകളും ലഭിക്കുന്നില്ല. ആർക്കെങ്കിലും രോഗം ബാധിച്ചിട്ടുണ്ടെങ്കിൽ ഇവർ അറിയാതെ രോഗവാഹകരാകുന്ന സാഹചര്യമാണ് നിലവിലുള്ളത്.
മേഖലയിലെ 30 ഓളം തൊഴിലാളികൾ 1500 ഓളം വീടുകളിലേക്കാണ് ഒരു ദിവസം പോകുന്നത്. മേഖലയിലെ പല റോഡുകളും അടച്ചതിനാൽ കിലോമീറ്ററുകൾ ചുമന്നുകൊണ്ടാണ് സിലിണ്ടറുകൾ എത്തിക്കുന്നത്. ഇവരുടെ പരാതികൾ ആരോഗ്യ പ്രവർത്തകരും കാര്യമായെടുക്കുന്നില്ലെന്ന് പറയുന്നു.